ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗ്രേസിന് സാധിച്ചു. സ്വഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഗ്രേസ് എന്ന നടിയുടെ ഏറ്റവും വലിയ പോസിറ്റീവ്. റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ചിത്രത്തിലൂടെ തമിഴിലും ഗ്രേസ് തന്റെ സാന്നിധ്യമറിയിച്ചു.
ഈയടുത്ത് തന്നെ ഏറ്റവുമധികം ഇംപ്രസ് ചെയ്ത തമിഴ് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് ഗ്രേസ് ആന്റണി പറഞ്ഞു. തന്റെ അമ്മയുമായി വഴക്കിട്ട ശേഷമാണ് ആ സിനിമ കാണാന് ഇരുന്നതെന്ന് നടി കൂട്ടിച്ചേര്‍ത്തു. സിനിമ അവസാനിച്ച ശേഷം താന്‍ വല്ലാത്ത അവസ്ഥയിലായെന്നും അമ്മയോട് പോയി സോറി പറഞ്ഞെന്നും താരം പറയുന്നു.
വളരെ ക്യൂട്ടായിട്ടുള്ള സിനിമയായാണ് ടൂറിസ്റ്റ് ഫാമിലിയെന്നും ഓരോ സീനും മികച്ചതായി അനുഭവപ്പെട്ടെന്നും ഗ്രേസ് പറഞ്ഞു. സിനിമ കണ്ട ശേഷം അതില്‍ അഭിനയിച്ച രമേശ് തിലകിനെ ഫോണ്‍ വിളിച്ച് സംസാരിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പറന്ത് പോ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം പറഞ്ഞത്.
‘ഈയടുത്ത് തമിഴില്‍ കണ്ട സിനിമകളില്‍ എന്റെ മനസ് കീഴടക്കിയത് ടൂറിസ്റ്റ് ഫാമിലിയാണ്. സത്യം പറഞ്ഞാല്‍ വീട്ടില്‍ അമ്മയുമായി അടിയുണ്ടാക്കിയ സമയത്താണ് ആ പടം കണ്ടത്. എന്താ പറയുക, കണ്ട് കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലായി. ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പടമായിരുന്നു അത്. കണ്ട് കഴിഞ്ഞ ശേഷം അമ്മയോട് പോയി സോറി പറഞ്ഞു.
എന്തോ ഒരു പ്രത്യേകതരം മാജിക് ആ സിനിമക്കുണ്ട്. പടം കണ്ടു കഴിഞ്ഞ ശേഷം അതില്‍ അഭിനയിച്ച രമേശേട്ടനെ (രമേശ് തിലക്) വിളിച്ച് സംസാരിച്ചു. കുമ്പളങ്ങി നൈറ്റ്‌സില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഈ വര്‍ഷം കണ്ട മികച്ച സിനിമയായാണ് ടൂറിസ്റ്റ് ഫാമിലി അനുഭവപ്പെട്ടത്. വളരെ രസമായി ചെയ്തുവെച്ച കൊച്ചു സിനിമയാണത്.
മലയാളത്തില്‍ ഈയടുത്ത് കണ്ടതില്‍ ഇഷ്ടമായ സിനിമ അഭിലാഷമാണ്. എന്റെ സുഹൃത്തായ സൈജു കുറുപ്പാണ് അതിലെ നായകന്‍. ആ പടത്തിലെ നായിക തന്‍വിയും എന്റെ ഫ്രണ്ടാണ്. ചെറിയ സിനിമയാണെങ്കിലും നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. അതുപോലെ തുടരും ഇഷ്ടമായി. നല്ല സിനിമയായിരുന്നു അത്. പൊന്മാനും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace Antony saying Tourist Family is her favorite movie in recent time