മമ്മൂക്കയുടെ ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എന്നാല്‍ അതിന്റെ ക്ലൈമാക്‌സ് കാണാനുള്ള മനക്കട്ടിയില്ല: ഗ്രേസ് ആന്റണി
Entertainment
മമ്മൂക്കയുടെ ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എന്നാല്‍ അതിന്റെ ക്ലൈമാക്‌സ് കാണാനുള്ള മനക്കട്ടിയില്ല: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th July 2025, 7:46 am

സ്വാഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കുന്നതിലൂടെ പ്രേക്ഷകരുടെ ഇടയില്‍ വളരെ പെട്ടെന്ന് സ്ഥാനം നേടിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ ഗ്രേസ് കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായി. റോഷാക്ക് എന്ന ചിത്രത്തിലൂടെ സീരിയസ് റോളും ചേരുമെന്ന് തെളിയിച്ച ഗ്രേസ് പറന്തു പോയിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു.

റാം സംവിധാനം ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം തമിഴ് ചിത്രം പേരന്‍പ് തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഗ്രേസ് പറഞ്ഞു. ആ സിനിമയുടെ അവസാനത്തോടടുക്കുമ്പോഴുള്ള സീനുകള്‍ താന്‍ കാണാറില്ലെന്നും വല്ലാതെ ഇമോഷണലാകുമെന്നും നടി കൂട്ടിച്ചേര്‍ത്തു. താന്‍ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണെന്നും പെട്ടെന്ന് കരച്ചില്‍ വരുമെന്നും താരം പറയുന്നു.

മിറാക്കിള്‍ എന്ന തുര്‍ക്കിഷ് സിനിമയുടെ അവസാനവും പേരന്‍പിന്റേത് പോലെയാണെന്നും വളരെ പോസിറ്റീവായി അവസാനിക്കുന്ന സിനിമയാണ് അവ രണ്ടുമെന്നും ഗ്രേസ് പറഞ്ഞു. പേരന്‍പില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പറന്ത് പോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടനോട് സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.

‘എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് പേരന്‍പ്. പക്ഷേ, ആ സിനിമയുടെ എന്‍ഡിങ്ങിനോടടുക്കുമ്പോഴുള്ള സീനുകള്‍ കാണാനുള്ള മനക്കട്ടി എനിക്കില്ല. അത്രമാത്രം ഇമോഷണലായിട്ടുള്ള സീനാണത്. വളരെ ഇമോഷണലായിട്ടുള്ളയാളാണ് ഞാന്‍. പെട്ടെന്ന് കരച്ചില്‍ വരും. ആ സീനാണെങ്കില്‍ നമ്മളെ വല്ലാത്ത ഒരു അവസ്ഥയിലാക്കുന്ന ഒന്നാണ്.

 

മിറാക്കിള്‍ എന്ന ഒരു തുര്‍ക്കിഷ് സിനിമയുണ്ട്. അതും പേരന്‍പും ഏതാണ്ട് ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. വളരെ പോസിറ്റീവായിട്ടാണ് ഈ രണ്ട് സിനിമകളും അവസാനിക്കുന്നത്. പേരന്‍പില്‍ മമ്മൂക്കയുടെ പെര്‍ഫോമന്‍സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇമോഷണല്‍ സിനിമകള്‍ ഇഷ്ടമാണെങ്കിലും കരിയറില്‍ ഞാന്‍ കൂടുതലും ചെയ്തത് കോമഡി സിനിമകളാണ്. സത്യം പറഞ്ഞാല്‍ ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനാണ് ഏറ്റവും പ്രയാസം,’ ഗ്രേസ് ആന്റണി പറയുന്നു.

മമ്മൂട്ടി, അഞ്ജലി, സാധന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം ഒരുക്കിയ ചിത്രമാണ് പേരന്‍പ്. 2018ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെയും അയാളുടെ മകളുടെയും കഥയാണ് ചിത്രം പറയുന്നത്.

Content Highlight: Grace Antony saying she likes Mammootty’s Peranbu movie