നിവിന്‍ ചേട്ടന്‍ കാരണമാണ് ഞാന്‍ ആ സിനിമയിലേക്കെത്തിയത്: ഗ്രേസ് ആന്റണി
Entertainment
നിവിന്‍ ചേട്ടന്‍ കാരണമാണ് ഞാന്‍ ആ സിനിമയിലേക്കെത്തിയത്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 4:37 pm

ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗ്രേസിന് സാധിച്ചു. സ്വഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഗ്രേസ് എന്ന നടിയുടെ ഏറ്റവും വലിയ പോസിറ്റീവ്.

റാം സംവിധാനം ചെയ്യുന്ന പറന്ത് പോ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കുകയാണ് ഗ്രേസ് ആന്റണി. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. താന്‍ പറന്ത് പോ എന്ന ചിത്രത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ച് നിവിന്‍ പോളിയാണ് തന്നെ വിളിച്ചതെന്നും റാമിന്റെ ഒരു സിനിമയില്‍ നിവിന്‍ പോളി അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം തന്നെ വിളിച്ചതെന്നും നടി പറയുന്നു.

റാമിന്റെ ഒരു സിനിമയിലേക്കാണ് അവസരം എന്ന് നിവിന്‍ പോളി പറഞ്ഞെന്നും അന്ന് ശരിക്കും തനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നും ഗ്രേസ് ആന്റണി പറഞ്ഞു. പേരന്‍മ്പിന്റെ സംവിധായകാനാണെന്ന് അറിഞ്ഞപ്പോള്‍ എക്‌സൈറ്റഡായെന്നും പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടുവെന്നും അവര്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയയായിരുന്നു ഗ്രേസ് ആന്റണി.

‘നിവിന്‍ ചേട്ടനാണ് എന്നെ ഫോണ്‍ വിളിച്ചിട്ട് നിനക്ക് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചത്. അപ്പോള്‍ ഞാന്‍ അതെ എന്ന് പറഞ്ഞു. ആ സമയത്ത് ശരിക്കും റാം സാര്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. രണ്ട് വര്‍ഷം മുമ്പ്. ഏത് ഡയറക്ടറാണ് എന്ന് ചോദിച്ചു. റാം സാറാണെന്ന് പറഞ്ഞു. ‘ഞാന്‍ പുള്ളിയുടെ കൂടെ ഏഴ് കടല്‍ ഏഴ് മലയി എന്നൊരു സിനിമ ചെയ്യുകയാണ്. അദ്ദേഹത്തിന് ഒരു കഥ പറയണമെന്നുണ്ട്. അദ്ദേഹം പേരന്‍മ്പിന്റെ ഡയറക്ടറാണ്’ എന്ന് പറഞ്ഞു.

പേരന്‍മ്പ് ഞാന്‍ കണ്ടിട്ടുണ്ട്. ആ സിനിമ എനിക്ക് വലിയ ഇഷ്ടമാണ്. ആ സിനിമയുടെ സംവിധായകനാണെന്ന് മനസിലായി. അതിന്റെ സംവിധായകനാണെങ്കില്‍ നല്ല സിനിമയായിരിക്കും എന്ന് ഓര്‍ത്തു. അതിന് ശേഷമാണ് റാം സാറിന്റെ എല്ലാ സിനിമയും ഞാന്‍ കണ്ടത്,’ ഗ്രേസ് ആന്‍ണി പറയുന്നു.

Content Highlight: Grace Antony about  her upcoming  film Paranth Po