ഡിവോഴ്സിന് ശേഷം പുതിയൊരു വിവാഹത്തിലേക്ക് ഇത്ര സ്മൂത്തായി കടക്കാൻ കഴിഞ്ഞത് ഒരു പ്രിവിലേജായി കാണുന്നു: ഗൗരി ലക്ഷ്മി
Malayalam Cinema
ഡിവോഴ്സിന് ശേഷം പുതിയൊരു വിവാഹത്തിലേക്ക് ഇത്ര സ്മൂത്തായി കടക്കാൻ കഴിഞ്ഞത് ഒരു പ്രിവിലേജായി കാണുന്നു: ഗൗരി ലക്ഷ്മി
നന്ദന. ടി
Saturday, 25th July 2026, 4:00 pm

ഗായികയും സംഗീതസംവിധായികയുമായ ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹം അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനുമായുള്ള വിവാഹച്ചടങ്ങിൽ മുൻ ഭർത്താവും സംഗീതജ്ഞനുമായ ഗണേഷ് വെങ്കിട്ടരാമണിയുടെ സാന്നിധ്യവും ചടങ്ങുകളിലെ പങ്കാളിത്തവും നിരവധി പേരുടെ ശ്രദ്ധ നേടിയിരുന്നു. പരസ്പര ബഹുമാനത്തോടെയും ആരോഗ്യകരമായ സൗഹൃദത്തോടെയും മുൻ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് ഇപ്പോൾ മനസുതുറക്കുകയാണ് ഗൗരി ലക്ഷ്മി. അസ്‌ല മാർലി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗായിക.

ഗൗരി ലക്ഷ്മി.photo.x

‘ഒരു ഡിവോഴ്സ് കഴിഞ്ഞിട്ട് പുതിയൊരു കല്യാണത്തിലേക്ക് ഇത്ര സ്മൂത്ത് ആയിട്ട് പോകാൻ പറ്റുന്നത് ഞാൻ ഒരു പ്രിവിലേജ് ആയിട്ടാണ് കാണുന്നത്. കാരണം കല്യാണം കഴിഞ്ഞ് എത്രയോ പേർക്ക് ഭയങ്കരമായ പീഡനങ്ങളും പ്രശ്നങ്ങളും ഒക്കെ കഴിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും മുഖത്തോട് മുഖം നോക്കാൻ പറ്റാത്ത നിലയിൽ ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ആളുകൾക്ക് വെറുതെ ഉപദേശം കൊടുക്കാൻ എനിക്ക് പറ്റില്ല, അടി വാങ്ങേണ്ടി വരും.

എന്റെ കാര്യത്തിൽ കുറേ എഫർട്ട് ഉണ്ടായിരുന്നു. കാരണം രണ്ടു പേർ തമ്മിൽ ഒരു വിവാഹജീവിതം പല മേഖലകളിലും മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ അവിടെ സ്വാഭാവികമായും ഉരസലുകൾ ഉണ്ടാവും. അപ്പോൾ നമുക്ക് മുന്നിൽ പല വഴികളുണ്ട്: ഒന്ന്, എല്ലാം നിർത്തി രണ്ടു വഴിക്ക് പോവുക, രണ്ട്, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നല്ല ആളുകൾ എന്ന് കാണിക്കാൻ വേണ്ടി ആ ബന്ധം ഉന്തിത്തള്ളി കൊണ്ടുപോവുക. മൂന്നാമത്തെ ഓപ്ഷൻ എനിക്ക് തോന്നിയത്, ചില കാര്യങ്ങളിൽ ഇപ്പോൾ പ്രൊഫഷണലി നമുക്ക് ഒത്തുപോകാൻ പറ്റും എന്നാണ്. കാരണം അദ്ദേഹം ഇപ്പോഴും എന്റെ ഡ്രമ്മറും മ്യൂസിക് പ്രൊഡ്യൂസറുമാണ്. അപ്പോൾ നമുക്ക് ആ മേഖലയിൽ പ്രശ്നമൊന്നുമില്ല, ഒരുമിച്ച് ജോലി ചെയ്യാൻ പറ്റുന്നുണ്ട്, വിശേഷങ്ങൾ പറയാൻ പറ്റുന്നുണ്ട്. ബാക്കി കാര്യങ്ങളെല്ലാം മാറ്റി വെച്ച് ആ ഒരു മേഖലയിൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്.

അപ്പോൾ ആ ഒരു സ്പേസിൽ കുറച്ചുകൂടെ നല്ല ബൗണ്ടറീസ് ഒക്കെ വെച്ചിട്ട് രണ്ടുപേർക്കും സമാധാനപരമായി മുന്നോട്ട് പോകാൻ പറ്റുമോ എന്നൊരു ഓപ്ഷൻ ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്നു. കാരണം ഞങ്ങൾ ഏഴു വർഷം ഒരുമിച്ച് ജീവിച്ച ആളുകളാണ്. അപ്പോൾ നോക്കിയപ്പോൾ കാര്യങ്ങളെല്ലാം ബാലൻസ്ഡ് ആയിട്ടാണ് സംഭവിച്ചിട്ടുള്ളത്.

അങ്ങനെ കുറേ മാസങ്ങൾ കൊണ്ട് ഞങ്ങൾ ആലോചിച്ചെത്തിയ ഒരു തീരുമാനമായിരുന്നു അത്. അദ്ദേഹത്തോടൊപ്പമുള്ള എന്റെ കല്യാണത്തിന്റെ ഫോട്ടോ നിങ്ങൾ കണ്ട്‌ കാണും, അത് എല്ലാവർക്കും സാധിക്കണമെന്നില്ല. കാരണം ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാതെ പരസ്പരധാരണയോടെ അവസാനിപ്പിക്കുമ്പോൾ, ആ വ്യക്തിയെ പറ്റുമെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു ഹെൽത്തി സ്പേസിൽ നിലനിർത്തി കൊണ്ടുപോകാൻ പറ്റുക എന്നൊരു ഓപ്ഷൻ റിലേഷൻഷിപ്പുകളിൽ മുന്നോട്ട് വെക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്, പക്ഷെ പറ്റുമെങ്കിൽ മാത്രം എന്നേ ഞാൻ പറയുകയുള്ളൂ,’ ഗൗരി ലക്ഷ്മി പറഞ്ഞു.

വിവാഹച്ചടങ്ങിൽ ഗൗരി ലക്ഷ്മിക്കൊപ്പം മുൻ ഭർത്താവ് ഗണേഷും പങ്കാളി കലേഷും.photo.Ganesh Venkataramani/Instagram

Content Highlight: Gowry Lekshmi talks about her second marriage and choice to maintain a healthy, professional bond with her ex-husband

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം