'നിരന്തരം വിമര്‍ശിക്കാന്‍ ഞാന്‍ പ്രതിപക്ഷ നേതാവല്ല, ഇതെന്റെ കൂടി സര്‍ക്കാരാണ്'; പ്രശംസിച്ച് ഗവര്‍ണര്‍
Kerala News
'നിരന്തരം വിമര്‍ശിക്കാന്‍ ഞാന്‍ പ്രതിപക്ഷ നേതാവല്ല, ഇതെന്റെ കൂടി സര്‍ക്കാരാണ്'; പ്രശംസിച്ച് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2023, 3:16 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും, ഇത് തന്റെ കൂടെ സര്‍ക്കാരാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും, പല മേഖലകളിലും സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ ഞാന്‍ പ്രതിപക്ഷ നേതാവല്ല. പ്രതിപക്ഷത്തിന്റെ ജോലിയല്ല ഞാന്‍ ചെയ്യുന്നത്. ഇത് എന്റെ കൂടെ സര്‍ക്കാരാണ്. എനിക്ക് ചില കടപ്പാടും കടമയുമുള്ള സര്‍ക്കാരാണിത്.

ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്താകമാനം മാതൃകയാക്കാവുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ് വിമര്‍ശിച്ചത്.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് ആരുടെയെങ്കിലും മനസില്‍ ചിന്തയുണ്ടെങ്കില്‍ അത് മായ്ച്ച് കളയേണ്ടതാണ്,’ ഗവര്‍ണര്‍ പറഞ്ഞു.

സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയെ പ്രശംസിച്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ആരോഗ്യമേഖല വലിയ നേട്ടങ്ങളുണ്ടാക്കിയതായും പറഞ്ഞു.

വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടുവെന്ന് പറഞ്ഞ അദ്ദേഹം സ്റ്റാര്‍ട്ടപ്പ് മിഷനുകളിലൂടെ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്ന സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്.

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നടത്തിയ ‘അറ്റ് ഹോമില്‍’ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

Content Highlight: Governor Arif Mohammed Khan Praising State Government