ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ 11,000 വോള്‍ട്ട് വൈദ്യുത കമ്പിയുമായി സമ്പര്‍ക്കം; ഒരാള്‍ ഷോക്കേറ്റ് മരിച്ചു
national news
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ 11,000 വോള്‍ട്ട് വൈദ്യുത കമ്പിയുമായി സമ്പര്‍ക്കം; ഒരാള്‍ ഷോക്കേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2023, 1:16 pm

പട്‌ന: ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച് ഒരാള്‍ മരിച്ചു.

ഷോക്കേറ്റയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ റിഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാം നഗറിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

രാം നഗറില്‍ സ്വകാര്യ കോച്ചിങ് സെന്റര്‍ നടത്തുന്ന അഭിഷേക് ഝാ എന്നയാളാണ് ഷോക്കേറ്റ് മരിച്ചത്.

എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താറുള്ള അഭിഷേക് ഇത്തവണയും പതിവുപോലെ പതാക ഉയര്‍ത്തുകയായിരുന്നു.

പതാക ഉയര്‍ത്തുന്നതിനിടെ ഇരുമ്പ് കൊടിമരത്തിലൂടെ വൈദ്യുത പ്രവാഹം കടന്നുപോകുകയും 11,000 വോള്‍ട്ട് വൈദ്യുത കമ്പിയുമായി ഇയാള്‍ സമ്പര്‍ക്കത്തിലാകുകയുമായിരുന്നു. പിന്നാലെ ഷോക്കേറ്റ ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

വൈദ്യുത കമ്പിയുമായി കൂട്ടിമുട്ടി ഹൈ വോള്‍ട്ടേജില്‍ ഷോക്കടിച്ച ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.

പരിക്കേറ്റവര്‍ ബിഹാറിലെ ഷാരിഫിലുള്ള സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Content Highlight: Bihar man gets electric shock while hoisting national flag on Republic Day, dies