യു.എസില്‍ സർക്കാർ സ്ഥാപനങ്ങൾക്ക് 'ഷട്ട്ഡൗണ്‍'; ധനവിനിയോഗ ബിൽ തള്ളി സെനറ്റ്
United States
യു.എസില്‍ സർക്കാർ സ്ഥാപനങ്ങൾക്ക് 'ഷട്ട്ഡൗണ്‍'; ധനവിനിയോഗ ബിൽ തള്ളി സെനറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2025, 12:03 pm

വാഷിങ്ടണ്‍: യു.എസ് സര്‍ക്കാര്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള വാര്‍ഷിക ധനവിനിയോഗ ബില്‍ സെനറ്റില്‍ പാസാകാതെ വന്നതോടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ബില്‍ തള്ളപ്പെട്ടതോടെ യു.എസ് വകുപ്പുകള്‍ സ്തംഭനാവസ്ഥയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അവശ്യ സർക്കാർ സര്‍വീസുകള്‍ മാത്രമായിരിക്കും ഇനി അമേരിക്കയില്‍ പ്രവര്‍ത്തിക്കുക.

ആവശ്യസാധനങ്ങള്‍ ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സേവനങ്ങളും സ്തംഭിക്കുന്ന അവസ്ഥയെയാണ് ‘സര്‍ക്കാര്‍ ഷട്ട്ഡൗണ്‍’ എന്ന് പറയുന്നത്. യു.എസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും.

2026ന്റെ തുടക്കം വരെയുള്ള ചെലവുകള്‍ക്കായി 12ഓളം ബില്ലുകളാണ് യു.എസ് സെനറ്റ് പാസാക്കേണ്ടത്. എന്നാല്‍ ഈ ബില്ലുകളില്‍ ആരോഗ്യ രംഗത്തേക്കുള്ള ഒബാമ കെയര്‍ സബ്സിഡികള്‍ അടക്കം ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ നിര്‍ദേശം ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു. പുതിയ ചെലവുകള്‍ ഒന്നും തന്നെ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് ട്രംപും വൈറ്റ് ഹൗസും സ്വീകരിച്ചത്.

യു.എസ് സെനറ്റില്‍ 53 റിപ്പബ്ലിക്കന്‍മാരും 45 ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 100 അംഗങ്ങളാണ് ഉള്ളത്. 60 പേരുടെ പിന്തുണയാണ് ധനവിനിയോഗ ബില്‍ പാസാക്കാന്‍ ട്രംപ് സര്‍ക്കാരിന് ലഭിക്കേണ്ടത്. അതായത് റിപ്പബ്ലിക്കന്‍മാര്‍ക്ക് പുറമെ ഏഴ് ഡെമോക്രാറ്റുകളും ബില്ലിനെ പിന്തുണക്കണം.

നിലവില്‍ സ്വതന്ത്രനായ മെയ്ന്‍ സെനറ്റര്‍ ആംഗസ് കിങ് ബില്ലിനെ പിന്തുണച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ധനസഹായ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാതെ രാജ്യത്തെ ഷട്ട്ഡൗണിലേക്ക് തള്ളിവിടുന്നത് ട്രംപിന് കൂടുതല്‍ അധികാരം നല്‍കുന്നതിന് കാരണമാകുമെന്ന് ആംഗസ് കിങ് പ്രതികരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

2018 ഡിസംബര്‍ മുതല്‍ 35 ദിവസം നീണ്ടുനിന്ന ഷട്ട്ഡൗണിനാണ് യു.എസ് സാക്ഷ്യം വഹിച്ചത്. ഇത് ജി.ഡി.പിയില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

നിലവിലെ ഷട്ട്ഡൗണ്‍ നീണ്ടുപോയാല്‍ വിവിധ വകുപ്പുകളിലെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ത്തിവെക്കാനാണ് സാധ്യത. ഏകദേശം 750,000 തൊഴിലാളികള്‍ താത്കാലികമായി അവധിയില്‍ പ്രവേശിക്കേണ്ടി വരും.

ഫെഡറല്‍ ജീവനക്കാരില്‍ നിന്ന് ഡെമോക്രാറ്റിക് അനുകൂലികളെ പിരിച്ചുവിടുമെന്ന ട്രംപിന്റെ ഭീഷണിയും നിലവിലുണ്ട്. അതേസമയം അമേരിക്കയില്‍ മാത്രമാണ് ഇത്തരത്തിലൊരു നടപടിക്രമം നിലനില്‍ക്കുന്നത്. 1981 ന് ശേഷമുള്ള പതിനഞ്ചാമത്തെ ഷട്ട്ഡൗൺ കൂടിയാണിത്.

Content Highlight: Government shutdown in the US