എഡിറ്റര്‍
എഡിറ്റര്‍
ആദ്യം മനസിലാക്കേണ്ടത് അവര്‍ക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്; ആള്‍ ദൈവങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി ഗോപീനാഥ് മുതുകാടിന്റെ വീഡിയോ
എഡിറ്റര്‍
Wednesday 30th August 2017 4:33pm

 

കോഴിക്കോട്:ആള്‍ദൈവങ്ങളുടെ തട്ടിപ്പില്‍ സാധാരണക്കാര്‍ പെടുന്നതിനെതിരെ ബോധവല്‍ക്കരണവുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ വീഡിയോ വൈറലാകുന്നു. ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവം ആകാന്‍ കഴിയേണ്ടിയിരുന്നത് മുതുകാടായിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചു കൊണ്ടാണ് മുതുകാടിന്റെ വീഡിയോ ആരംഭിക്കുന്നത്.

ഗുര്‍മീത് സിങ്ങിനെ അഴിക്കുള്ളിലാക്കിയ കോടതി വിധിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്യുന്നു. ആള്‍ ദൈവങ്ങള്‍ നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളെ പോലും സ്വാധീനിക്കുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള കോടതി വിധിയാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ അവസ്ഥ പണ്ട് മൗണ്ട് ബാറ്റണ്‍ പ്രഭു പറഞ്ഞിരുന്നു.രാജ്യത്തിന്റെ സ്വാതന്ത്ര്യം ലഭിക്കുന്ന സമയം പ്രഖ്യാപിക്കാന്‍ വേണ്ടി കവടി നിരത്തിയിത് കണ്ട് അന്ന് മൗണ്ട് ബാറ്റണ്‍ പറഞ്ഞിരുന്നു ഇന്ത്യ ഒരിക്കലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകില്ല എന്ന്. അത് ശരിയായിരുന്നെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടി ഏറെക്കാലം കഴിഞ്ഞിട്ടും ഇത്തരം ആള്‍ദൈവങ്ങള്‍ അടക്കിവാഴുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.


Also read വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


ആള്‍ദൈവങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിത്വം പണയപ്പെടുത്താന്‍ ആരും തയ്യാറാകരുതെന്നാണ് മുതുകാടിന്റെ അഭ്യര്‍ത്ഥന. ഇത്തരം ആള്‍ദൈവങ്ങളിലേക്ക് പണം ഒഴുകിവരും. എന്നാല്‍, അതൊന്നും നേരായ മാര്‍ഗ്ഗത്തില്‍ അല്ലെന്ന ബോധ്യം വേണം. അവരില്‍ പണം കുമിഞ്ഞ് കൂടിയാല്‍ പിന്നെ ഭരണകൂടങ്ങളെ കൂടി അവര്‍ സ്വാധീനിക്കും അങ്ങിനെ വന്നാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല അദ്ദേഹം പറഞ്ഞു.
ആദ്യം നമ്മള്‍ മനസിലാക്കേണ്ടത് അവര്‍ക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്. ആള്‍ ദൈവങ്ങളുടെ ‘അത്ഭുത’ സിദ്ധികളെല്ലാം തികച്ചും ശാസ്ത്രീയമായ കാര്യമാണ.് ഒരോ ട്രിക്കുകളുടെയും ശാസ്ത്രീയ വശങ്ങളും അദ്ദേഹം തുറന്ന് കാട്ടുന്നുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നത്, പച്ചവെള്ളം കത്തിക്കുന്നത്, തുടങ്ങിയവയെല്ലാം അദ്ദേഹം തുറന്ന് കാട്ടുന്നു.

ഞാന്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ആളാണ്. എന്നാല്‍, എനിക്ക് യാതൊരു അമാനുഷിക ശക്തിയുമില്ല. നിരന്തരം പരിശീലനത്തിലൂടെയാണ് ഇത് സ്വായത്തമാക്കുന്നത്.അത് ആളുകളെ ആഹ്ലാദിപ്പിക്കാനാണ്. എന്നാല്‍ ആള്‍ ദൈവങ്ങള്‍ അതിനല്ല ശ്രമിക്കുന്നത്. അത് വളര്‍ന്ന് വരുന്ന തലമുറക്ക് മനസ്സിലാക്കി കൊടുക്കണം എന്നും അദ്ദേഹം പറയുന്നു.

വീഡിയോ കാണാം

Advertisement