പുലിമുരുകനുണ്ടാക്കിയ ഓളമൊന്നും ഇന്നുവരെ മറ്റൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല: ഗോപി സുന്ദര്‍
Pulimurukan
പുലിമുരുകനുണ്ടാക്കിയ ഓളമൊന്നും ഇന്നുവരെ മറ്റൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല: ഗോപി സുന്ദര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 7:59 pm

മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളിലൊന്നായിരുന്നു 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പ്രായഭേദമന്യേ മലയാളികള്‍ എല്ലാവരും ഏറ്റെടുത്തു. 100 കോടി ക്ലബ്ബില്‍ കയറിയത് ആദ്യ മലയാള ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് ചിത്രം നേടിയത്. ഗോപി സുന്ദറായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.

പുലിമുരുകന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഗോപി സുന്ദര്‍. മോഹന്‍ലാലിനെ എങ്ങനെയാണോ താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആ രീതിയിലാണ് പുലിമുരുകനില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ചതെന്ന് ഗോപി സുന്ദര്‍ പറയുന്നു. പുലിമുരുകന്റെ ആദ്യ ദിവസം തിയേറ്ററില്‍ കിട്ടിയ ഓളമൊന്നും മറ്റൊരു സിനിമക്കും ഇന്നുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലിമുരുകന്റെ ആദ്യ ദിവസത്തെ ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ സംവിധായകന്‍ വൈശാഖ് തന്നെ കെട്ടിപിടിച്ച് കരഞ്ഞെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ തിയേറ്ററിലിരിക്കുന്ന ഒരു കുട്ടിയെ പോലെയാണ് ഞാന്‍ പുലിമുരുകന്‍ കാണുന്നത്. പുലിമുരുകനില്‍ ലാലേട്ടന്‍ വന്നാല്‍ എന്താണ് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അതുപോലെയാണ് ഞാന്‍ ആ സിനിമക്ക് വേണ്ടി ചെയ്തത്. ചെറുപ്പം മുതലേ ഞാന്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാന്‍ ആണ്.

എന്റെ അച്ഛന് സിനിമ തിയേറ്ററായിരുന്നു. കുഞ്ഞിലേ തൊട്ട് സിനിമയായിരുന്നു എനിക്കെല്ലാം. അതെന്റെ രക്തത്തില്‍ ഊറി കിടക്കുന്നതാണ്. ഇങ്ങനെ ലാലേട്ടന്‍ വന്നാല്‍ കുട്ടിയായ ഞാന്‍ എന്തായിരിക്കും പ്രതീക്ഷിക്കുക, അതാണ് ചെയ്തത്.

ലാലേട്ടന്‍ വന്നാല്‍ തിയേറ്ററില്‍ ആഘോഷമായിരിക്കും. ആഘോഷത്തിന് ചെണ്ട വേണം. ചെണ്ടയും ലാലേട്ടനും…അത് മതി. പുലിമുരുകന്റെ ആദ്യ ദിവസം തിയേറ്ററില്‍ കിട്ടിയ ഓളമൊന്നും ഇന്ന് ഒരു സിനിമക്കും കിട്ടിയിട്ടില്ല. അത് കണ്ടിറങ്ങിയിട്ട് വൈശാഖ് എന്നെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്,’ ഗോപി സുന്ദര്‍ പറഞ്ഞു.

Content Highlight: Gopi Sundar Talks  About Pulimurukan Movie