കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഭബാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.

തൃണമൂലിന്റെ ഉറച്ച കോട്ടയെന്ന് കരുതപ്പെട്ടിരുന്ന മണ്ഡലത്തില്‍ നേരിട്ട തോല്‍വിക്ക് പിന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബി.ജെ.പിയുടെയും അധാര്‍മികമായ വൃത്തികെട്ട കളിയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് താന്‍ മര്‍ദിക്കപ്പെട്ടുവെന്നും വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നും മമത പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് ദൃശ്യമായത്. ആദ്യ റൗണ്ടുകളില്‍ ഏകദേശം 2,000 വോട്ടുകളുടെ ലീഡുമായി മമത മുന്നേറി.

രണ്ടാം റൗണ്ടില്‍ 1,500 വോട്ടുകളുടെ ഭൂരിപക്ഷവുമായി സുവേന്ദു തിരിച്ചടിച്ചെങ്കിലും, തുടര്‍ന്നുള്ള റൗണ്ടുകളില്‍ മമത ആധിപത്യം തിരിച്ചുപിടിച്ചു. ഏഴാം റൗണ്ടില്‍ മമതയുടെ ലീഡ് 17,000 കടന്നതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കാളിഘട്ടില്‍ വിജയാഘോഷം തുടങ്ങിയിരുന്നു.

എന്നാല്‍ 12ാം റൗണ്ടിന് ശേഷം ലീഡ് നില കുറയാന്‍ തുടങ്ങി. 14ാം റൗണ്ടില്‍ ലീഡ് 4,000 ആയി ചുരുങ്ങി. 15ാം റൗണ്ടില്‍ 2,929 വോട്ടുകള്‍ക്ക് മുന്നിലായിരുന്ന മമത, 16-ാം റൗണ്ട് കഴിഞ്ഞതോടെ 500-ലധികം വോട്ടുകള്‍ക്ക് പിന്നിലായി. ഇതോടെയാണ് സഖാവത്ത് മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് രാത്രി എട്ട് മണിയോടെ മാധ്യമങ്ങളെ കണ്ട മമത ബാനര്‍ജി ബി.ജെ.പിക്കും കേന്ദ്ര സേനയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.

‘ബാക്കിയുള്ള റൗണ്ടുകള്‍ ഭബാനിപൂര്‍ മണ്ഡലത്തിലായിരുന്നു, അത് പൂര്‍ണ്ണമായും ഞങ്ങളുടെ പ്രദേശമായിരുന്നു. ആ നിമിഷം, കുറച്ച് ഗുണ്ടകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോടൊപ്പം, അവര്‍ എന്നെ മര്‍ദിക്കുകയും സി.ആര്‍.പി.എഫിന്റെ സഹായത്തോടെ എന്റെ ഏജന്റുമാരെ വലിച്ചിഴയ്ക്കുകയും ചെയ്തു,’ മമത ബാനര്‍ജി പറഞ്ഞു.

അവസാന റൗണ്ടുകളില്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ തന്റെ പാര്‍ട്ടിക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെന്നും മമത പറഞ്ഞു. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം തൃണമൂല്‍ ലീഡ് ചെയ്തിരുന്ന നൂറോളം സീറ്റുകളില്‍ വോട്ടെണ്ണല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചു. ബി.ജെ.പി ഒരു പൈശാചിക പാര്‍ട്ടിയാണ്,’ മമത ആരോപിച്ചു.

തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലും മമത കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്:

സി.ആര്‍.പിഎഫിന്റെ സഹായത്തോടെ തൃണമൂല്‍ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ബലമായി പുറത്താക്കി പകരം പ്രതിപക്ഷ ഏജന്റുമാരെ നിയമിച്ചു. വൈദ്യുതി മുടക്കം സൃഷ്ടിച്ചും കുഴപ്പങ്ങള്‍ ഉണ്ടാക്കിയും വോട്ടുകള്‍ നിര്‍ബന്ധിതമായി മോഷ്ടിച്ചു. മാത്രമല്ല ഇ.വി.എം മെഷീനുകള്‍ ശരിയായ സീലിങ് ഇല്ലാതെയാണ് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയത്.

ദല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആര്‍.പി.എഫും പ്രാദേശിക ഉദ്യോഗസ്ഥരും ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും മമത ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തെ ഔദ്യോഗികമായി തന്നെ വെല്ലുവിളിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരെ ഔദ്യോഗികമായി പരാതി നല്‍കുമെന്ന് മമത ബാനര്‍ജി അറിയിച്ചിട്ടുണ്ട്.

എല്ലാ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകനായ കല്യാണ്‍ ബാനര്‍ജി മുഖേന നിയമപോരാട്ടം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. ഭബാനിപൂരിലെ ഈ തോല്‍വി തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്.

20 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ ുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുന്നത്. മമതയുടെ ഏറ്റവും സുരക്ഷിതമായ രാഷ്ട്രീയ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ഭബാനിപൂരിലെ ഈ വിജയം ബി.ജെ.പിക്ക് വലിയ കരുത്താണ് നല്‍കുന്നത്.

Content Highlight: Goons entered, beat me up: Mamata’s explosive phone call on Bhabanipur loss