തുനിഞ്ഞിറങ്ങിയാല്‍ ഒരൊറ്റ റെക്കോഡും ഇയാള്‍ക്ക് വെല്ലുവിളിയല്ല, 24 മണിക്കൂര്‍ തികയും മുമ്പേ വിജയ്‌യുടെ സകല ടീസര്‍ റെക്കോഡും തകര്‍ത്ത് ഗുഡ് ബാഡ് അഗ്ലി
Entertainment
തുനിഞ്ഞിറങ്ങിയാല്‍ ഒരൊറ്റ റെക്കോഡും ഇയാള്‍ക്ക് വെല്ലുവിളിയല്ല, 24 മണിക്കൂര്‍ തികയും മുമ്പേ വിജയ്‌യുടെ സകല ടീസര്‍ റെക്കോഡും തകര്‍ത്ത് ഗുഡ് ബാഡ് അഗ്ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st March 2025, 6:47 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വിടാമുയര്‍ച്ചിക്ക് ശേഷം അജിത് നായകനാകുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അജിത്തിന്റെ ഗെറ്റപ്പും ടൈറ്റിലും ഇതുവരെ കാണാത്ത തരത്തിലുള്ളതായിരുന്നു. ചിത്രത്തിനായി ശരീരഭാരം കുറച്ച് വന്ന അജിത്തിനെ അത്ഭുതത്തോടെയാണ് പലരും കണ്ടത്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന തരത്തില്‍ ആദിക് സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞദിവസം പുറത്തുവന്ന ടീസറിനും വന്‍ വരവേല്പാണ് ലഭിച്ചത്. അഞ്ചിലധികം ഗെറ്റപ്പില്‍ അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താരത്തിന്റെ പല ഹിറ്റ് സിനിമകളുടെയും റഫറന്‍സ് ടീസറില്‍ ഉടനീളമുണ്ട്. ഫാന്‍ബോയ് ഇഷ്ടനടനെ അഴിഞ്ഞാടാന്‍ വിട്ട സിനിമയാണെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.

ഇപ്പോഴിതാ ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് തമിഴിലെ സകല ടീസര്‍ റെക്കോഡും ഗുഡ് ബാഡ് അഗ്ലി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. 30 മില്യണ്‍ ആളുകളാണ് ഇതിനോടകം ടീസര്‍ കണ്ടത്. വിജയ് ചിത്രമായ മാസ്റ്ററിന്റെ ടീസര്‍ റെക്കോഡ് (19.8 മില്യണ്‍) വളരെ വേഗത്തില്‍ തകര്‍ത്ത് ഒന്നാം സ്ഥാനം നേടാന്‍ ചിത്രത്തിനായി.

നിലവില്‍ തമിഴില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോഡും ഗുഡ് ബാഡ് അഗ്ലിയുടെ പേരിലാണ്. ഈ റെക്കോഡ് അടുത്തെങ്ങും മറ്റൊരു ചിത്രവും തകര്‍ക്കാന്‍ സാധ്യതയില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. ചിത്രത്തിന്റെ മേലെയുള്ള പ്രതീക്ഷ ടീസര്‍ റിലീസിന് പിന്നാലെ ഇരട്ടിയായി മാറിയിരിക്കുകയാണ്.

തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു തുടങ്ങി വന്‍ താരനിര ഗുഡ് ബാഡ് അഗ്ലിയില്‍ അണിനിരക്കുന്നുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിജയന്‍ വേലുക്കുട്ടിയാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.

Content Highlight: Good Bad Ugly become the most viewed Tamil teaser within 24 hours