ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് വേസ്റ്റാകരുതെന്ന് കരുതി സെറ്റില്‍ ഇരിക്കാതെ നില്‍ക്കുകയായിരുന്നു: ഗോകുല്‍ സുരേഷ്
Entertainment
ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് വേസ്റ്റാകരുതെന്ന് കരുതി സെറ്റില്‍ ഇരിക്കാതെ നില്‍ക്കുകയായിരുന്നു: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th January 2025, 10:42 am

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ നിരവധിയാളുകള്‍ അഭിനയിച്ചിരുന്നു.

ചിത്രത്തില്‍ ഗോകുല്‍ സുരേഷ് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തിയത്. ടോണി ടൈറ്റസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്റര്‍വ്യു നടക്കുന്ന സമയത്ത് ദുല്‍ഖര്‍ സല്‍മാന്‍ ഗോകുല്‍ സുരേഷിനെ കുറിച്ച് പറഞ്ഞത്, പൊലീസ് യൂണിഫോം ഇട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ ഇരിക്കില്ല എന്നായിരുന്നു.

ആ യൂണിഫോമിനോടും കഥാപാത്രത്തോടുമുള്ള ഡെഡിക്കേഷനായി അതിനെ കാണാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗോകുല്‍. ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘അതിനെ ഡെഡിക്കേഷനായി തന്നെ കാണാം. പക്ഷെ ഞാന്‍ അവിടെ പ്രാക്ടിക്കാലിറ്റിയായിരുന്നു അവിടെ നോക്കിയത്. യൂണിഫോം എപ്പോഴും ടക്ക് ഇന്‍ ചെയ്തിട്ടാകും ഉണ്ടാകുക. അതും ഇട്ടിട്ട് കുറേ നേരം സെറ്റില്‍ ഇരിക്കേണ്ടി വരും.

അങ്ങനെയുള്ളപ്പോള്‍ നമ്മള്‍ ഇരുന്നാല്‍ യൂണിഫോം ചുളുങ്ങി പോകും. പിന്നെ ഷൂട്ടിന് മുമ്പ് ഇടയ്ക്കിടെ പോയിട്ട് അത് നന്നാക്കി കൊണ്ട് വരേണ്ടിവരും. ആ സമയത്ത് ദുല്‍ഖറൊക്കെ എന്നെ വെയിറ്റ് ചെയ്യേണ്ടി വരും. ദുല്‍ഖറിന് പുറമെ സെറ്റില്‍ വേറെയും ആളുകളുണ്ട്.

അവരെ വെയിറ്റ് ചെയ്യിക്കേണ്ടെന്ന് കരുതി ഞാന്‍ പകരം കണ്ടെത്തിയ വഴി ആയിരുന്നു ഇരിക്കുന്നതിന് പകരം നില്‍ക്കുക എന്നത്. സിനിമയെന്ന് പറയുന്നത് ഒരിക്കലും ഒറ്റക്ക് ചെയ്യുന്ന ഒരു കാര്യമല്ല.

അതിന്റെ ഇന്‍പുട്ട്‌സ് നമ്മള്‍ അതിന്റേതായ മാസ്റ്റേഴ്‌സിന്റെ അടുത്ത് നിന്ന് ചോദിച്ച് മനസിലാക്കിയാണ് ചെയ്യുന്നത്. അത് ഞാന്‍ വളരെ വൃത്തിയോടെ തന്നെ ചെയ്തു. കൂടെ പെര്‍ഫോം ചെയ്യുന്ന ആക്ടേഴ്‌സിന്റെ പെര്‍ഫോമന്‍സ് ആ ഷോട്ടില്‍ വേസ്റ്റ് ആകരുത് എന്ന ചിന്തയായിരുന്നു എനിക്ക്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

Content Highlight: Gokul Suresh Talks About King Of Kotha And Dulquer Salmaan