ഇസ്രഈൽ ആക്രമണത്തിൽ 'ഫലസ്തീനി മാധ്യമപ്രവർത്തകരുടെ ഗോഡ്ഫാദർ' കൊല്ലപ്പെട്ടു
World News
ഇസ്രഈൽ ആക്രമണത്തിൽ 'ഫലസ്തീനി മാധ്യമപ്രവർത്തകരുടെ ഗോഡ്ഫാദർ' കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2023, 10:19 pm

ഗസ: ഇസ്രഈലി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട് ഗസയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ബിലാൽ ജദല്ലാഹ്‌.
ഗസ നഗരത്തിൽ നിന്ന് തെക്കൻ ഗസയിലേക്ക് പോകുന്ന വഴിക്കാണ് ഇസ്രഈൽ ഷെൽ ആക്രമണത്തിൽ ജദല്ലാഹ്‌ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരി റോയിട്ടേഴ്സിനോട് പറഞ്ഞു.

പ്രദേശത്തെ ഭാവി മാധ്യമപ്രവർത്തകരെ പരിശീലിപ്പിക്കുന്ന ഗസ പ്രസ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് ജദല്ലാഹ്. ‘ഫലസ്തീനി മാധ്യമപ്രവർത്തകരുടെ ഗോഡ്ഫാദർ’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

‘ഗസയിലെ എനിക്കറിയാവുന്ന എല്ലാ മാധ്യമപ്രവർത്തകരും പറഞ്ഞിരുന്നത് അദ്ദേഹം തങ്ങൾക്ക് ഒരു പിതാവിനെ പോലെ ആയിരുന്നു എന്നാണ്. ആളുകളെ കേൾക്കുന്ന അനുകമ്പയുള്ള മനുഷ്യനായിരുന്നു അദ്ദേഹം. സ്വപ്നം കാണാൻ പ്രേരിപ്പിച്ച, അധ്യാപകനായ, മാർഗദർശിയായ, സ്ഥിരം പ്രോത്സാഹിപ്പിക്കുന്ന മനുഷ്യൻ,’ ഗസയിലെ പ്രമുഖ മാധ്യമപ്രവർത്തകനായ മൊത്താസ് അസൈസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതുവരെ സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം ഗസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 49 ആയി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം മരണപ്പെട്ടത് ആറ് മാധ്യമപ്രവർത്തകർ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇസ്രഈൽ കഴിഞ്ഞമാസം അന്താരാഷ്ട്ര വാർത്താ ഏജൻസികളായ റോയിട്ടേഴ്‌സിനോടും ഏജൻസി ഓഫ് ഫ്രാൻസ് പ്രസ്സിനോടും പറഞ്ഞിരുന്നു.

അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ എല്ലാ പത്രപ്രവർത്തകർക്കും ആശങ്കാജനകമായ സന്ദേശമാണ് നൽകുന്നതെന്ന് ഏജൻസി ഓഫ് ഫ്രാൻസ് പ്രസ് മേധാവി ഫാബ്രിസ് ഫ്രൈസ് ചൂണ്ടിക്കാട്ടിയിരുന്നു.

2001ന് ശേഷം മാധ്യമ മേഖലയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തിനേക്കാൾ കൂടുതലാണ് ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിൽ നഷ്ടമായതെന്ന് ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടനായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്സ് (സി.പി.ജെ) ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Content Highlight: ‘Godfather’ of Palestinian journalism Belal Jadallah killed in Israeli shelling