ന്യൂയോർക്ക്: രാജ്യങ്ങൾക്കുള്ള ധനസഹായം കുറയുന്നതിനാൽ പട്ടിണിയും ഭക്ഷ്യ പ്രതിസന്ധിയും രൂക്ഷമാകുന്നെന്ന് മുന്നറിയിപ്പ് നൽകി യു.എൻ ഭക്ഷ്യ ഏജൻസി.
ലോകം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്നും ആവശ്യത്തിനനുസരിച്ച് വിഭവങ്ങൾ കുറയുന്നുണ്ടെന്നും യു.എൻ ഭക്ഷ്യ ഏജൻസി അറിയിച്ചു. മാനുഷിക ധന സഹായത്തിൽ ഇടിവുണ്ടായതായും ഏജൻസി ചൂണ്ടിക്കാട്ടി.
അടുത്തവർഷം 318 ദശലക്ഷം ആളുകൾ പട്ടിണി നേരിടേണ്ടി വരുമെന്ന് റോം ആസ്ഥാനമായുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ 2026 ലെ ഗ്ലോബൽ ഔട്ട്ലുക്കിൽ പറഞ്ഞു. ഇത് 2019 ലെ കണക്കിനേക്കാളും ഇരട്ടിയായിരിക്കുമെന്നാണ് റിപ്പോർട്ട്.
മാനുഷിക ധനസഹായം കുറയുന്നതിനാൽ 2026 ൽ ഏറ്റവും ദുർബലരായ 110 ദശലക്ഷം ആളുകളെ സഹായിക്കുമെന്നും ഇതിനായി 13 ബില്യൺ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും ഏജൻസി അറിയിച്ചു.
ഗസയിലും സുഡാനിലും ഒരേസമയം ക്ഷാമം നേരിടുന്നുണ്ടെന്നും 21 നൂറ്റാണ്ടിലും ഇങ്ങനെ സംഭവിക്കുന്നത് സ്വീകാര്യമല്ലെന്നും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ പറഞ്ഞു.
ലോകത്ത് വിശപ്പ് രൂക്ഷമാകുകയാണെന്നും ഫലപ്രദമായ പരിഹാരങ്ങൾ ചെയ്‌താൽ ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും അതിനായി കൂടുതൽ പിന്തുണ ആവശ്യമാണെന്നും സിൻഡി മക്കെയ്ൻ കൂട്ടിച്ചേർത്തു.
വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ദാതാവായ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വിദേശ സഹായം വെട്ടിക്കുറച്ചെന്നും അവർ പറഞ്ഞു.
ഗസയിൽ ഇസ്രഈൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഓഗസ്റ്റിൽ ഐ.പി.സി ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു.
ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്നുകൾ എന്നിവയുടെ
വിതരണത്തിൽ ഇസ്രഈൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുന്നതിനാൽ ഫലസ്തീനിൽ പട്ടിണി പ്രതിസന്ധി രൂക്ഷമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സുഡാനിലെ എൽ ഫാഷറിലും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാനീസ് സൈന്യവും തമ്മിൽ യുദ്ധം നടന്ന ഡാർഫറിലെയും കോർഡോഫാനിലെയും മറ്റ് 20 പ്രദേശങ്ങളിലും ക്ഷാമം രൂക്ഷമാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ദക്ഷിണ സുഡാൻ, കിഴക്കൻ ആഫ്രിക്കയിലെ സഹേൽ മേഖല, കോംഗോ, ഹെയ്തി, നൈജീരിയ എന്നിവയാണ് പട്ടിണി രൂക്ഷമാകുന്ന മറ്റ് സ്ഥലങ്ങൾ.
Content Highlight: Global hunger crisis looms as funding cuts loom: UN warns