ജനീവ: ആഗോള ദാതാക്കൾ ഫണ്ടിങ് വെട്ടികുറച്ചതിനെത്തുടർന്ന് യു.എൻ ഓഫീസ് അതിജീവനത്തിന്റെ അവസ്ഥയിലാണെന്ന് യു.എൻ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. ലോകമെമ്പാടും അവകാശ ലംഘനങ്ങളും ആവശ്യങ്ങളും വർധിച്ചു വരുന്ന സാഹചര്യമാണെന്ന് വോൾക്കർ ടർക്ക് പറഞ്ഞു.
മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഹൈക്കമ്മീഷണറുടെ ഓഫീസിന് ഈ വർഷം 90 മില്യൺ ഡോളറാണ് ആവശ്യമുള്ളതെന്നും എന്നാൽ ഇത്രയും തുക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
300 പേർക്ക് തൊഴിലവസരങ്ങൾ നഷ്ടപെട്ടിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള ലംഘനങ്ങൾ നിരീക്ഷിക്കാനുള്ള സംഘടനയുടെ പ്രവർത്തനത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫലസ്തീൻ, സുഡാൻ, ഉക്രൈൻ എന്നിവിടങ്ങളിലെ ഗുരുതരമായ മനുഷ്യാവകാശ ആശങ്കകളും വോൾക്കർ ടർക്ക് ചൂണ്ടിക്കാട്ടി. ഫണ്ടിങ്ങിലുള്ള വെട്ടികുറക്കൽ സംഘർഷ പ്രദേശങ്ങളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ രാജ്യങ്ങളിലേക്കുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർമാരുടെ സന്ദർശനങ്ങളും വസ്തുതാന്വേഷണ ഏജൻസികളുടെ അന്വേഷണ ദൗത്യങ്ങളും വെട്ടി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.