ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റേത് ഇലക്ഷന്‍ ഗിമ്മിക്കാണെന്ന് ഹിന്ദു ഐക്യവേദി
Kerala
ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റേത് ഇലക്ഷന്‍ ഗിമ്മിക്കാണെന്ന് ഹിന്ദു ഐക്യവേദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 6:34 pm

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ഷന്‍ ഗിമ്മിക്കാണെന്ന് ഹിന്ദു ഐക്യവേദി. അയ്യപ്പ സംഗമം വിളിക്കേണ്ടത് സര്‍ക്കാരല്ലെന്നും ഐക്യവേദി ഉപാധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ് പറഞ്ഞു. ന്യൂനപക്ഷ പ്രീണനം ഫലം കാണാത്തതിനാല്‍ ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന് ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും ആത്മാര്‍ത്ഥതയില്ലെന്നും ഹരിദാസ് പറഞ്ഞു. അയ്യപ്പ സംഗമം വിളിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും എം.വി. ഗോവിന്ദന്റെ പ്രതികരണം കേട്ടാല്‍ സി.പി.ഐ.എം ആണ് പരിപാടി നടത്തുന്നതെന്ന് തോന്നുമെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ഇന്നലെ (തിങ്കള്‍) പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിനെതിരെ പത്രക്കുറിപ്പിറക്കിയിരുന്നു. സംഗമം കൊണ്ട് എന്ത് ഗുണമാണ് സാധാരണ അയ്യപ്പമാര്‍ക്ക് കിട്ടുകയെന്ന് കൊട്ടാരം നിര്‍വാഹക സമിതി ചോദിച്ചു.

യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണമെന്നും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ് വര്‍മ ആവശ്യപ്പെട്ടിരുന്നു.

2018ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍, പൊലീസ് കേസുകള്‍ എന്നിവ പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് നിര്‍വാഹക സംഘം ആവശ്യപ്പെട്ടത്.

ഇനിയൊരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കുമെതിരെ 2018ല്‍ സ്വീകരിച്ചതുപോലെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും പന്തളം കൊട്ടാരം ആവശ്യമുന്നയിച്ചു.

രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്നും എം.ആര്‍.എസ് വര്‍മ വ്യക്തമാക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സി.പി.ഐ.എം പിന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആഗോള അയ്യപ്പ സംഗമത്തിനെതിരെ പന്തളം കൊട്ടാരവും ഹിന്ദു ഐക്യവേദിയും നിലപാട് അറിയിച്ചത്.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിസമ്മതിച്ചു. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി.ഡി. സതീശനെ നിശ്ചയിച്ചിരുന്നു.

ഇതിനിടെ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിലെ നിലപാടില്‍ നിന്നും പിന്നോട്ട് പോയാല്‍ സര്‍ക്കാരിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Content Highlight: Global Ayyappa Sangamam: Hindu Aikya Vedi says government’s plan is an election gimmick