ഓസീസ് ബാറ്റിംഗ് സെന്‍സേഷന്‍ മാക്‌സ്‌വെല്‍ വിവാഹിതനാവുന്നു; ക്ഷണക്കത്ത് തമിഴില്‍
Sports News
ഓസീസ് ബാറ്റിംഗ് സെന്‍സേഷന്‍ മാക്‌സ്‌വെല്‍ വിവാഹിതനാവുന്നു; ക്ഷണക്കത്ത് തമിഴില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th February 2022, 12:20 pm

ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാവുന്നു. തമിഴ്‌നാട് സ്വദേശിനി വിനി രാമനാണ് വധു. മാര്‍ച്ച് 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ് ക്രിക്കറ്റ് ലോകത്തിലെയും സോഷ്യല്‍ മീഡിയയിലെയും പ്രധാന ചര്‍ച്ചാ വിഷയം. തമിഴില്‍ അച്ചടിച്ച ക്ഷണക്കത്ത് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി രാമന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2020 മാര്‍ച്ചില്‍ കഴിഞ്ഞതാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലതവണ മാറ്റിവച്ച വിവാഹമാണ് ഇപ്പോള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

2017ലാണ് മാക്‌സ്‌വെല്‍ വിനിയും തമ്മില്‍ പ്രണയത്തിലാകുന്നത്. അന്നുമുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

2019 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാക്‌സ്‌വെല്ലിനൊപ്പം വിനിയും ഉണ്ടായിരുന്നു.

ഐ.പി.എല്ലില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായ മാക്‌സ്‌വെല്ലിനെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നു. 11 കോടി രൂപയ്ക്കാണ് ബെംഗളൂരു മാക്‌സിയെ നിലനിര്‍ത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കായി 116 ഏകദിനങ്ങള്‍ കളിച്ച താരം 3,220 റണ്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. 51 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

ദേശീയ ടീമിനായി ഏഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും എട്ട് വിക്കറ്റും 80 ടി-20യില്‍ നിന്ന് 1,851 റണ്‍സും 33 വിക്കറ്റും മാക്സി നേടിയിട്ടുണ്ട്.

97 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച താരം 2,018 റണ്‍സും 22 വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlight: Glen Maxwell’s wedding invitation goes viral