മലയാളത്തിലെ നായികമാര്‍ തമിഴില്‍ തിളങ്ങുന്നത് പുതിയ കാര്യമല്ല. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ പല നടിമാരുടെയും തുടക്കം മലയാളത്തിലായിരുന്നു. സത്യന്‍ അന്തിക്കാട് സിനിമാലോകത്തിന് സമ്മാനിച്ച അസിനും നയന്‍താരയും സൗത്ത് ഇന്ത്യന്‍ താരറാണിമാരായി നിറഞ്ഞുനിന്നത് ഇതിന് ഉദാഹരണമാണ്.
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അസിന്‍ തമിഴും, തെലുങ്കും കടന്ന് ബോളിവുഡ് വരെ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. മനസിനക്കരെയിലൂടെ അരങ്ങേറിയ നയന്‍താര ഇന്നും ലേഡി സൂപ്പര്‍സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ പിന്‍ഗാമിയായി പലരും എടുത്തുപറയുന്നത് ഗിരീഷ് എ.ഡിയുടെ പേരാണ്.
ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ ഗിരീഷ് എ.ഡി സിനിമാലോകത്തിന് ഒരുപാട് താരങ്ങളെയും സമ്മാനിച്ചിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ അരങ്ങേറിയ മാത്യു തോമസ്, നസ്‌ലെന്‍ എന്നിവരാണ് ഇപ്പോള്‍ യുവതാരങ്ങളില്‍ മുന്‍പന്തിയിലുള്ളത്. നായികമാരെ സംഭാവന ചെയ്തതും എടുത്തുപറയേണ്ട ഒന്നാണ്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായികയായ അനശ്വര രാജന്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വിത് ലവില്‍ താരത്തിന്റെ പ്രകടനത്തെ പലരും പ്രശംസിക്കുന്നുണ്ട്.
മമിത ബൈജുവും ശ്രദ്ധിക്കപ്പെട്ടത് ഗിരീഷ് എ.ഡിയുടെ ചിത്രത്തിലൂടെയായിരുന്നു. സൂപ്പര്‍ ശരണ്യയിലെ സോനാരെയാണ് മമിതയുടെ കരിയര്‍ മാറ്റിമറിച്ചത്. സൂപ്പര്‍ ശരണ്യക്ക് മുമ്പ് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മമിത പ്രത്യക്ഷപ്പെട്ടിരുന്നു. സൂപ്പര്‍ ശരണ്യക്ക് ശേഷം ഗിരീഷ് എ.ഡിയുമായി ഒന്നിച്ച പ്രേമലു മമിതയുടെ കരിയറില്‍ ബ്രേക്ക്ത്രൂവായി മാറി.
തെലുങ്കില്‍ വലിയ റീച്ചാണ് മമിതക്ക് പ്രേമലു സമ്മാനിച്ചത്. വിജയ്‌യോടൊപ്പം ജന നായകന്‍, സൂര്യയോടൊപ്പം സൂര്യ 46, ധനുഷിനൊപ്പം കര എന്നീ ചിത്രങ്ങള്‍ മമിതയുടെ ലൈനപ്പിലുണ്ട്. സൗത്ത് ഇന്ത്യയിലെ അടുത്ത സെന്‍സേഷനായി മാറാന്‍ മമിതക്ക് സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അനശ്വരക്കും മമിതക്കും ശേഷം ഗിരീഷ് എ.ഡി പരിചയപ്പെടുത്തിയ നടിയാണ് അനിഷ്മ അനില്‍കുമാര്‍.
നസ്‌ലെന്‍ നായകനായ ഐ ആം കാതലനിലൂടെയാണ് അനിഷ്മ സിനിമാലോകത്തേക്ക് അരങ്ങേറിയത്. ബേസില്‍ നായകനായ മരണമാസിലും അനിഷ്മ തന്നെയായിരുന്നു നായിക. അടുത്തിടെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു. തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ വിജയം നേടിയ സിറൈയില്‍ കലൈയരസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനിഷ്മയായിരുന്നു.
ചിത്രം കണ്ടവരാരും അനിഷ്മയുടെ പ്രകടനം മറന്നില്ല. സിറൈക്ക് പിന്നാലെ അടുത്ത തമിഴ് ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. കെന്‍ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്തില്‍ താരത്തിന്റെ പ്രകടനം ഗംഭീരമാകുമെന്നാണ് കരുതുന്നത്. വരുംകാലങ്ങളില്‍ ഈ മൂന്ന് നടിമാരും ഇന്‍ഡസ്ട്രിയില്‍ അവരുടേതായ സ്ഥാനം നേടുമെന്ന് ഉറപ്പാണ്.
Content Highlight: Girish AD’s heroines are getting recognition outside Kerala