ജോര്‍ജുകുട്ടി ഒരു സൈക്കോയാണ് | മരിയ റോസ്‌
Discourse
ജോര്‍ജുകുട്ടി ഒരു സൈക്കോയാണ് | മരിയ റോസ്‌
മരിയ റോസ്‌
Friday, 19th February 2021, 6:55 pm

ഷാബ്രോള്‍ സംവിധാനം ചെയ്ത Just Before Nightfall എന്ന സിനിമയില്‍ ഒരു ക്രൈം ചെയ്തിട്ടും പിടിക്കപ്പെടാതെ രക്ഷപെട്ടു പോകുന്ന ഒരു കൊലയാളിയുടെ മാനസികാവസ്ഥ അവതരിപ്പിക്കുന്നുണ്ട്. പോലീസിന്റെയും സമൂഹത്തിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു പോകുന്ന നായകനില്‍ ഒരു സിനിമ അവസാനിക്കുകയാണ് എങ്കില്‍ ‘അയാള്‍ പിന്നീട് എക്കാലവും സുഖമായി ജീവിച്ചു…’ എന്നൊരു പ്രതീതി നമുക്ക് ലഭിക്കും.

എന്നാല്‍ അത് തികച്ചും ഒരു മിഥ്യാധാരണയത്രെ. എക്കാലവും ആ കുറ്റകൃത്യത്തിന്റെ ഓര്‍മ്മ അത് ചെയ്തവരുടെ ഉറക്കം കെടുത്തും. പല രീതിയില്‍. ഒന്നുകില്‍ എപ്പോള്‍ പിടിക്കപ്പെടാം എന്ന ഭീതി കൊണ്ട്, അതല്ലെങ്കില്‍ ചെയ്തത് പാപം എന്ന കുറ്റബോധം കൊണ്ട്, അതുമല്ലെങ്കില്‍ കൊല എന്ന അനുഭവത്തിലൂടെ കടന്ന് പോയതിന്റെ ട്രോമ കൊണ്ട്. ഭീകരമാണത്. അവര്‍ ഒരു പക്ഷെ കൊന്ന് കളഞ്ഞത് ഒരു വ്യക്തിയെയല്ല, അവരുടെ മനസ്സമാധാനത്തെത്തന്നെയാണ് എന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല.

ദൃശ്യം 2 എന്ന സിനിമയുടെ മികച്ചതെന്ന് ഞാന്‍ കരുതുന്ന ഘടകങ്ങളെല്ലാം മുന്‍ സിനിമയിലെ കുറ്റകൃത്യം അതില്‍ ഭാഗഭാക്കായവരെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നതിന്റെ ചിത്രീകരണത്തിലാണ്. നായകന്റെ ബുദ്ധിശക്തിയുടെ മാസ് വിജയത്തില്‍ ആഹ്ലാദിച്ച ആരാധകര്‍ക്ക് And they lived happily ever after എന്ന മിഥ്യയെ ഓര്‍മ്മിപ്പിക്കാന്‍ ആ ഭാഗങ്ങള്‍ക്ക് കഴിയേണ്ടതാണ്. (എങ്കിലും ഇപ്പോള്‍ റിവ്യൂ മേളകളില്‍ ‘ലാഗ് നിറഞ്ഞ ഒന്നാം പകുതി’ എന്ന് വിശേഷിപ്പിക്കുന്ന ഭാഗങ്ങളാണ് അവ. അതങ്ങനെയാവാനെ തരമുള്ളൂ. അതില്‍ മാസ് ഇല്ല. ഭീതി കലര്‍ന്ന ഉദ്വേഗം മാത്രമേയുള്ളൂ). മുന്‍ സിനിമയുടെ തുടര്‍ച്ച എന്ന നിലയില്‍ ആ രക്ഷപെടലിന്റെ Aftermath വിശദമായിത്തന്നെ സിനിമ ചിത്രീകരിക്കുന്നുണ്ട്.

ഒരു കാലം മുതല്‍ ജനപ്രിയ സിനിമയെക്കുറിച്ച് മലയാളത്തില്‍ കണ്ടിട്ടുള്ള അക്കാദമിക് വായനകള്‍ എല്ലാം തന്നെ അവ ഒളിച്ചു കടത്തുന്നു പറയപ്പെടുന്ന ഭൂരിപക്ഷ രാഷ്ട്രീയത്തെ കണ്ടെത്തി എക്‌സ്‌പോസ് ചെയ്യുന്നു എന്ന് പൊതുവേ കരുതപ്പെടുന്നവ മാത്രമാണ്. എഴുത്തുകാരനെയോ സംവിധായകനെയോ ഒരു സമൂഹശത്രുവെന്ന രീതിയിലുള്ള ഭാഷയിലാണ് അവ പലതും എഴുതപ്പെട്ടിട്ടുള്ളത്.

പക്ഷെ എനിക്ക് തോന്നുന്നത് ഈ സിനിമകളെ ഇനിയൊരിക്കല്‍ അത് ഇറങ്ങിയ കാലത്തിന്റെ പ്രധാനപ്പെട്ട സാമൂഹികരേഖയാക്കി മാറ്റുന്നത് സമകാലിക സാമൂഹികാവസ്ഥ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള അവയുടെ അവതരണം തന്നെയാണ്. രണ്ട് ദൃശ്യം സിനിമകളും ആ അര്‍ത്ഥത്തില്‍ വളരെ പ്രധാനമാണ്.

തീര്‍ച്ചയായും സിനിമയുടെ ത്രില്ലര്‍ കഥാഗതി ഉദ്വേഗജനകമായിരുന്നു. എല്ലാ കഥകളും പോലെ മുന്നില്‍ നിന്ന് പിന്നിലേയ്ക്ക് വായിക്കുന്നതാണ് കുറ്റാന്വേഷണകഥകളുമെങ്കിലും എഴുത്തുകാരന് അത് എഴുതുന്നതിന് മുന്‍പ് പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് സങ്കല്‍പിച്ചാലേ പറ്റൂ. ആ പ്ലാനിംഗ് എല്ലാ നല്ല കുറ്റാന്വേഷകഥകളിലെയും പോലെ ഇവിടെയും കാണാം.

ആദ്യത്തെ ദൃശ്യത്തിലും അതുണ്ടായിരുന്നു. അത് സാധ്യമാണോ ഇത് സാധ്യമാണോ എന്ന ചോദ്യങ്ങളുടെ പിന്നാലെ പായുന്നതില്‍ എനിക്ക് ഒട്ടും താല്‍പര്യം തോന്നുന്നില്ല. സിനിമയുടെ കാഴ്ചയില്‍ അതൊന്നും രസം കൊല്ലിയാകുന്നില്ല. കേരളത്തിലെ ക്രൈം ചരിതങ്ങള്‍ സൂക്ഷ്മമായി മനസിലാക്കാന്‍ ശ്രമിച്ചാല്‍ മാനിപ്പുലേറ്റ് ചെയ്യപ്പെട്ടിട്ടുള്ള, ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന എമ്പാടും ക്രൈമുകള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി വളര്‍ന്നു വലുതായ സാഹചര്യം എന്തായിരുന്നു എന്ന് എനിക്ക് ഒരു ക്യൂരിയോസിറ്റി തോന്നുന്നുണ്ട്. അയാള്‍ ഒരു വിദേശ കഥാപാത്രത്തെയും ഓര്‍മ്മിപ്പിക്കാത്ത ഒരു സാദാമലയാളിയാണ് എന്നത് കൊണ്ട് പ്രത്യേകിച്ചും. (രണ്ട് സിനിമകള്‍ക്കും ആ കേരള സ്വത്വമുണ്ട്) അയാള്‍ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ ചതുരംഗത്തിന് ഇറങ്ങിയതെങ്കിലും അയാളുടെ ശരീരഭാഷയും മറ്റും ഒരു യഥാര്‍ത്ഥ സൈക്കോയുടേതാണ് എന്നെനിക്ക് തോന്നുന്നു.

തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഒരുവന് ആ അവസരം ലഭിക്കുമ്പോഴുള്ള ഒരു ‘ഹരം’ അയാളുടെ പ്രതിരോധങ്ങളില്‍ കാണുന്നു. ഒന്നാം സിനിമയിലെ ജോര്‍ജുകുട്ടിയ്ക്ക് ചിലപ്പോഴെങ്കിലും പകപ്പും നിസ്സഹായതയും തോന്നിയിരുന്നുവെങ്കിലും രണ്ടാം സിനിമയിലെ ജോര്‍ജുകുട്ടിയില്‍ ഒരു Scheming മാക്കിയവെല്ലിയന്‍ ഭാവം നിറഞ്ഞുനില്‍ക്കുന്നു.

പുതിയ സിനിമകളിലെത്തുമ്പോള്‍ ഓരോ കഥാപാത്രങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം തികച്ചും ലോജിക്കലാണ് എന്ന് കരുതുന്നു. മോഹന്‍ലാല്‍ മീന, മുരളി ഗോപി, കുട്ടികള്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. മലയാളത്തിലെ നല്ല തുടര്‍ച്ച സിനിമകളില്‍ ഒന്നാണ് ദൃശ്യം രണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Georgekutty in Drishyam is a Psycho – Mariya Rose Writes