വംശഹത്യ: നെതന്യാഹുവിനും ഇസ്രഈല്‍ കാറ്റ്‌സിനുമെതിരെ തുര്‍ക്കിയുടെ അറസ്റ്റ് വാറണ്ട്
Gaza genocide
വംശഹത്യ: നെതന്യാഹുവിനും ഇസ്രഈല്‍ കാറ്റ്‌സിനുമെതിരെ തുര്‍ക്കിയുടെ അറസ്റ്റ് വാറണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2025, 7:13 am

ഇസ്താംബൂള്‍: ഗസയിലെ വംശഹത്യയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രമുഖ ഇസ്രഈല്‍ നേതാക്കള്‍ക്കുമെതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയിലൂടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഗസയില്‍ ഇസ്രഈല്‍ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും തുടരുന്നതായി തുര്‍ക്കി പ്രസ്താവനയില്‍ വിശദീകരിച്ചു.

നെതന്യാഹുവിന് പുറമെ ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, സൈനിക മേധാവി ലെഫ്റ്റന്റ് ജനറല്‍ ഇയാല്‍ സമീര്‍ തുടങ്ങിയ 37 ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെയാണ് തുര്‍ക്കിയുടെ അറസ്റ്റ് വാറണ്ട്. മുഴുവന്‍ പട്ടികയും തുര്‍ക്കി പുറത്തുവിട്ടിട്ടില്ല.

ഗസയില്‍ മുമ്പ് തുര്‍ക്കി നിര്‍മിച്ച് നല്‍കിയ തുര്‍ക്കി-ഫലസ്തീന്‍ സൗഹൃദ ആശുപത്രി മാര്‍ച്ചില്‍ ഇസ്രഈല്‍ തകര്‍ത്തെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

തുര്‍ക്കിയുടെ പ്രഖ്യാപനത്തെ ഹമാസ് സ്വാഗതം ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയുടെ നീതി, മാനവികത, സാഹോദര്യം എന്നീ മൂല്യങ്ങളോട് തുര്‍ക്കി ജനതയും അവിടുത്തെ നേതാക്കളും കാണിക്കുന്ന ആത്മാര്‍ത്ഥമായ നിലപാടുകള്‍ അഭിനന്ദനീയമാണെന്ന് ഹമാസ് പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം, വംശഹത്യ നടത്തുന്ന ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടി ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച കേസിലും തുര്‍ക്കി കക്ഷി ചേര്‍ന്നിരുന്നു.

അതേസമയം, തുര്‍ക്കിയുടെ അറസ്റ്റ് വാറണ്ട് പി.ആര്‍ സ്റ്റണ്ട് ആണെന്ന് ഇസ്രഈല്‍ വിമര്‍ശിച്ചു. സ്വേച്ഛാധിപതിയായ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്റെ ഏറ്റവും പുതിയ പി.ആര്‍ സ്റ്റണ്ടിനെ ഇസ്രഈല്‍ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ എക്‌സിലൂടെ പ്രതികരിച്ചു.

ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആഹ്വാനങ്ങളുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

എന്നാല്‍ തുടരെ ഗസയില്‍ ആക്രമണങ്ങള്‍ നടത്തി ഇസ്രഈല്‍ കരാര്‍ ലംഘനം നടത്തുകയാണ്. സ്വയം പ്രതിരോധമെന്ന ന്യായം നിരത്തിയാണ് ഇസ്രഈലിന്റെ ആക്രമണങ്ങള്‍.

Content Highlight: Genocide: Turkey issues arrest warrants against Netanyahu and Yisrael Katz