മലയാളത്തില്‍ ഒരൊറ്റ സിനിമയിലാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സൗത്തിന്ത്യന്‍ നടിമാരില്‍ ഒരാളാണ് ജെനീലിയ ഡിസൂസ. അമിതാഭ് ബച്ചനൊപ്പം പാര്‍ക്കര്‍ പെന്‍ പരസ്യത്തിലൂടെ ശ്രദ്ധ നേടിയ ജെനീലിയ 2003ല്‍ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീട് ബോയ്‌സ്, ബൊമ്മരില്ലു, സന്തോഷ് സുബ്രഹ്‌മണ്യം, ജാനെ തു… യാ ജാനെ നാ, ഹാപ്പി തുടങ്ങി നിരവധി മികച്ച സിനിമകളില്‍ ജെനീലിയ അഭിനയിച്ചു. 2011ല്‍ ഇറങ്ങിയ ഉറുമി ആയിരുന്നു നടിയുടെ ഏക മലയാള ചിത്രം. അറക്കല്‍ ആയിഷയെന്ന അവരുടെ ശക്തമായ കഥാപാത്രത്തെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്.
തമിഴ് നടന്‍ വിജയ്‌യുടെ കൂടെ വേലായുധം, സച്ചിന്‍ എന്നീ സിനിമകളിലും ജെനീലിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ റെഡ്‌നൂല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമകളെ കുറിച്ചും വിജയ്‌യുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് നടി.
‘വിജയ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൂടെ ചെയ്ത സിനിമകളൊക്കെ മാജിക്കലായിരുന്നു. സച്ചിന്‍ ഒരു മാജിക്കലായ സിനിമയായിരുന്നു.
വേലായുധം എന്ന സിനിമയിലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു. സത്യത്തില്‍ ചിലപ്പോഴൊക്കെ ഞാന്‍ ആ ദിവസങ്ങള്‍ മിസ് ചെയ്യാറുണ്ട്. എനിക്ക് പലപ്പോഴും അങ്ങനെ തോന്നാറുണ്ട്,’ ജെനീലിയ ഡിസൂസ പറഞ്ഞു.
സച്ചിന്‍ സിനിമയിലൂടെ തങ്ങള്‍ക്ക് വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്നേഹം തിരിച്ചു കിട്ടുകയാണെന്നും ആ സിനിമ തനിക്ക് വളരെ സ്പെഷ്യലാണെന്നും നടി അഭിമുഖത്തില്‍ പറയുന്നു. അങ്ങനെയൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ജെനീലിയ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും താന്‍ എവിടെ പോയാലും ആളുകള്‍ പറയുന്ന സിനിമകളില്‍ ഒന്നാണ് സച്ചിനെന്നും അതിലെ വിജയ്‌യുടെയും തന്റെയും കഥാപാത്രങ്ങളായ സച്ചിനെയും ശാലിനിയെയും കുറിച്ച് തന്നെയാണ് അവര്‍ പറയുന്നതെന്നും ജെനീലിയ ഡിസൂസ പറയുന്നു.
Content Highlight: Genelia D’Souza Talks About Vijay Films