ഇന്നും ആളുകള്‍ എന്നോട് പറയുന്നത് വിജയ് ചിത്രത്തിലെ ആ കഥാപാത്രങ്ങളെ കുറിച്ചാണ്: ജെനീലിയ
Entertainment
ഇന്നും ആളുകള്‍ എന്നോട് പറയുന്നത് വിജയ് ചിത്രത്തിലെ ആ കഥാപാത്രങ്ങളെ കുറിച്ചാണ്: ജെനീലിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 5:08 pm

2000ത്തിന് ശേഷം വന്ന മുന്‍നിര നടിമാരില്‍ ഒരാളാണ് ജെനീലിയ ഡിസൂസ. അമിതാഭ് ബച്ചനൊപ്പം പാര്‍ക്കര്‍ പെന്‍ പരസ്യത്തിലൂടെ ശ്രദ്ധ നേടിയ ജെനീലിയ 2003ല്‍ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

അതേവര്‍ഷം തന്നെ ഇറങ്ങിയ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 2006ല്‍ ബൊമ്മരില്ലു എന്ന തെലുങ്ക് സിനിമയിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് സന്തോഷ് സുബ്രഹ്‌മണ്യം, ജാനെ തു… യാ ജാനെ നാ ഉള്‍പ്പെടെ മികച്ച സിനിമകളുടെ ഭാഗമായി.

2011ല്‍ ഉറുമിയെന്ന ചിത്രത്തില്‍ അറക്കല്‍ ആയിഷയായും ജെനീലിയ എത്തി. തുജെ മേരി കസം എന്ന ആദ്യ ചിത്രത്തിലെ നായകനായ റിതേഷ് ദേശ്മുഖാണ് നടിയുടെ പങ്കാളി. ജെനീലിയയുടെ തമിഴ് സിനിമകളില്‍ മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു ചിത്രമാണ് സച്ചിന്‍.

വിജയ് ഈ സിനിമയില്‍ ടൈറ്റില്‍ റോളില്‍ എത്തിയപ്പോള്‍ ശാലിനി എന്ന കഥാപാത്രമായിട്ടാണ് ജെനീലിയ ഡിസൂസ അഭിനയിച്ചത്. ഇപ്പോള്‍ സച്ചിന്‍ സിനിമയെ കുറിച്ച് പറയുകയാണ് നടി. റെഡ്നൂല്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ജെനീലിയ.

സച്ചിന്‍ എന്ന സിനിമ ആളുകള്‍ക്ക് ഇന്നും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈയിടെയാണ് ഞാന്‍ അത് മനസിലാക്കുന്നത്. റീ റിലീസ് ചെയ്യുന്ന കാര്യവും ഞാന്‍ ആദ്യം അറിഞ്ഞിരുന്നില്ല. അത് അറിഞ്ഞതോടെ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായി.

ആ സിനിമയിലൂടെ ഞങ്ങള്‍ക്ക് വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്‌നേഹം തിരിച്ചു കിട്ടുകയാണ്. സച്ചിന്‍ എന്നത് എനിക്ക് വളരെ സ്‌പെഷ്യലായ ഒരു സിനിമ തന്നെയാണ്. ആ പടത്തിന്റെ ഷൂട്ടിന്റെ ഇടയിലും എനിക്ക് നല്ല അനുഭവങ്ങളാണ് ലഭിച്ചത്.

എനിക്ക് അങ്ങനെയൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും ഞാന്‍ എവിടെ പോയാലും ആളുകള്‍ പറയുന്ന സിനിമകളില്‍ ഒന്നാണ് സച്ചിന്‍. സച്ചിനെയും ശാലിനിയെയും കുറിച്ച് തന്നെയാണ് അവര്‍ പറയുന്നത്,’ ജെനീലിയ ഡിസൂസ പറയുന്നു.


Content Highlight: Genelia D’Souza Talks About Her Character In Sachien Movie