ഗസ സമാധാന പദ്ധതി; രണ്ടാം ഘട്ടത്തിന് സമ്മർദം ചെലുത്തി ഖത്തർ
Gaza
ഗസ സമാധാന പദ്ധതി; രണ്ടാം ഘട്ടത്തിന് സമ്മർദം ചെലുത്തി ഖത്തർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 7:35 am

ദോഹ: ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം ഫലസ്തീനിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾ നടത്തണമെന്ന് ഖത്തർ. ഇസ്രഈലിനെയും ഹമാസിനെയും പുതിയ ഘട്ട ചർച്ചകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.

വളരെ പെട്ടെന്ന് തന്നെ രണ്ടാം ഘട്ടത്തിലേക്ക് ഇരുകക്ഷികളെയും എത്തിക്കണമെന്നും മജീദ് അൽ അൻസാരി കൂട്ടിച്ചേർത്തു. സ്ഥിതി സങ്കീർണമാക്കുന്ന പ്രശ്നങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ, അമേരിക്ക, തുർക്കി, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഒക്ടോബർ പത്ത് മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിരുന്നു.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഗസയിൽ ആക്രമണത്തിന്റെ തോത് കുറഞ്ഞിട്ടില്ല. വെടിനിർത്തൽ പാലിക്കാതെയാണ് ഇസ്രഈൽ ആക്രമണം നടത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

രണ്ട് വർഷത്തെ യുദ്ധത്തിലുണ്ടായ അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങികിടക്കുന്നതിനാൽ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള പ്രക്രിയ മന്ദഗതിയിലാണെന്ന് ഹമാസ് പറഞ്ഞിരുന്നു.

ഗസയിലെ നിലവിലെ സാഹചര്യം മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മജീദ് അൽ അൻസാരി പറഞ്ഞു. സമാധാന ചർച്ചയുടെ രണ്ടാം ഘട്ടം നടത്തുന്നത് മൃതദേഹങ്ങൾ തിരികെ നൽകുന്നതിന് തടസം ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബറിൽ ഗസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്ര സഭ പിന്തുണ നൽകിയിരുന്നു. ഇസ്രഈൽ ഫലസ്തീനിൽ നിന്നും പിന്മാറണമെന്നും ഗസ ഭരിക്കാൻ ഒരു ഇടക്കാല അതോറിറ്റിയും അന്താരാഷ്ട്ര സേനയും വേണമെന്നും യു.എൻ പിന്തുണകൂടി നേടിയ കരാറിൽ പറഞ്ഞിരുന്നു.

Content Highlight: Gaza peace plan: Qatar puts pressure on second phase