ഗസ സമാധാന കരാർ; ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ച് ഹമാസും ഇസ്രഈലും
World
ഗസ സമാധാന കരാർ; ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ച് ഹമാസും ഇസ്രഈലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 8:10 am

കെയ്‌റോ: ഗസ സമാധാനകരാറിൽ അന്തിമ ധാരണയിലെത്താൻ ചർച്ചകൾ ആരംഭിച്ച് ഇസ്രഈലും ഹമാസും. ഈജിപ്ഷ്യൻ നഗരമായ ഷാം എൽ ശൈഖിലാണ് ചർച്ച നടക്കുന്നത്. ഗസ ഇസ്രഈൽ യുദ്ധത്തിൽ രണ്ടു വർഷം പിന്നിടുമ്പോഴാണ് ഈജിപ്തിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇന്റലിജൻസുമായി ബന്ധപ്പെട്ട അൽ ഖഹേര ന്യൂസ് പറഞ്ഞു.

ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്.
ചർച്ചയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലെ 20 ഇനം നിർദ്ദേശങ്ങളിലാണ് ഇരു സംഘവും ചർച്ച നടത്തുക.

ഹമാസ് പ്രതിനിധികളുമായും ഇസ്രഈൽ പ്രതിനിധികളുമായും വെവ്വേറെ ചർച്ചകളാണ് നടത്തുന്നത്.

നിലവിൽ ഏറ്റവും പ്രധാനമായി ചർച്ച ചെയ്യുക ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സമാധാന പദ്ധതിയിലും ബന്ദികളെ കൈമാറുന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നൽകിയിരിക്കുന്നത്.

ചർച്ചകളിൽ അമേരിക്കയും പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുമുള്ള കാര്യങ്ങളിൽ പ്രധാനമായും ചർച്ചകൾ നടത്തും.

നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചർച്ചകളായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഗസയിൽ സമാധാനകരാർ ഉടൻ നടപ്പിലാകുമെന്നും രണ്ട് വർഷത്തെ വിനാശകരമായ യുദ്ധം അവസാനപ്പിക്കുന്നതിൽ നിലവിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചകൾ കുറച്ചു ദിവസങ്ങൾ നീണ്ടു നിൽക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഗസ സമാധാന കരാറിലെ വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങളോട് ഹമാസ് യോജിച്ചിരിക്കുന്നെന്നും യുദ്ധം അവസാനിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ട്രംപ് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

Content Highlight: Gaza peace deal: Israel and Hamas begin talks mediated by Egypt and Qatar