തന്റെ കുഞ്ഞിന് ശ്വാസം ലഭിക്കാൻ പ്ലാസിക് കുപ്പികൊണ്ടുള്ള ഇൻഹെയ്‌ലറുമായി നിൽക്കുന്ന അമ്മ; ഫലസ്തീനിലെ നോവുന്ന കാഴ്ച
World News
തന്റെ കുഞ്ഞിന് ശ്വാസം ലഭിക്കാൻ പ്ലാസിക് കുപ്പികൊണ്ടുള്ള ഇൻഹെയ്‌ലറുമായി നിൽക്കുന്ന അമ്മ; ഫലസ്തീനിലെ നോവുന്ന കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2025, 12:20 pm

ഗസ: അത്യാവശ്യ ആരോഗ്യ സംവിധാനങ്ങളില്ലാതെ വലഞ്ഞ് ഗസ നിവാസികൾ. ആസ്ത്മ രോഗിയായ തന്റെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ കഷ്ടപ്പെടുമ്പോൾ പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഉണ്ടാക്കിയ ഇൻഹെയ്‌ലറുമായി വേദനയോടെ നിൽക്കുന്ന ഫലസ്തീനി അമ്മ ഗസ നിവാസികളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.

ജീവൻ നഷ്ടമായേക്കാവുന്ന ആസ്ത്മ രോഗത്തിൽ നിന്നും മാരാം മനയുടെ മകളെ ഡോക്ടർമാർ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്. മകളുടെ ആസ്ത്മ ഇനിയും മൂർച്ഛിക്കുമ്പോൾ എന്തുചെയ്യുമെന്നറിയാതെ മാരാം മന ഡോക്ടർമാരോട് സഹായം ചോദിച്ചു. എന്നാൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഗാസയിലെ ഡോക്ടർമാർക്ക് ആ അമ്മക്ക് നൽകാൻ മറുപടിയില്ലായിരുന്നു.

ഗസയിലെ ആശുപത്രിയിൽ മകളുടെ കിടക്കയ്ക്കരികിൽ കാത്തിരുന്ന മൂന്ന് കുട്ടികളുടെ അമ്മയായായ ആ ഫലസ്തീൻകാരിക്ക് മുന്നിലേക്ക് ഡോക്ടർ പ്ലാസിക് കുപ്പികൊണ്ടുള്ള ഇൻഹെയ്‌ലർ നീട്ടി. മൂന്ന് വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് ഉപയോഗിക്കാൻ കഴിയാത്ത ഉപകരണമായിരുന്നു അത്. ഇതൊക്കെയേ നിലവിൽ തങ്ങളുടെ കൈയിലുള്ളു എന്ന് ഡോക്ടർ മാരാം മനയോട് പറഞ്ഞു.

രണ്ട് മാസത്തിലേറെയായി ഗസയിലേക്കുള്ള മെഡിക്കൽ സാമഗ്രികൾ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും സഹായങ്ങളും ഇസ്രഈൽ തടഞ്ഞതോടെ കാലഹരണപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾക്ക് പകരം ഡോക്ടർമാർ ഇപ്പോൾ ബദലുകൾ തേടുകയാണ്.

മൂന്ന് വയസുള്ള മകൾ മായൻ ഏകദേശം രണ്ട് വർഷമായി ആസ്ത്മയുമായി മല്ലിടുകയാണെന്ന് മാരാം മന പറയുന്നു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായി.

ഗസ സിറ്റിയിലെ അൽ-നാസർ ആശുപത്രിയിലായിരുന്നു കുഞ്ഞിന് ചികിത്സ നൽകിയിരുന്നതെന്നും എന്നാൽ യുദ്ധം കൊടുമ്പിരി കൊണ്ടതിനാൽ അവിടേക്ക് എത്തുക അസാധ്യമായെന്നും മാരാം മന പറഞ്ഞു.

ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ച് ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, ഇസ്രഈൽ സൈന്യം ആദ്യത്തെ പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും ഗസ നഗരത്തിലെയും വടക്കൻ ഗസയിലെയും നിവാസികളോട് താമസം മാറാൻ ഉത്തരവിട്ടെന്നും അവർ പറഞ്ഞു.

യുദ്ധത്തിന്റെ തീവ്രത വർധിക്കുന്നതനുസരിച്ച് ആശുപത്രികളും മറ്റും ഇസ്രഈൽ തകർത്തുകൊണ്ടേയിരുന്നു. ഇതോടെ എണ്ണമറ്റ രോഗികൾക്ക് ശരിയായ ചികിത്സ ലഭിക്കാതെയായി.

മായന്റെ ആസ്ത്മ രൂക്ഷമാവുകയും കുഞ്ഞിന്റെ വായിൽ നിന്ന് നുരയും നുരയും വരാൻ തുടങ്ങിയപ്പോഴാണ് തങ്ങൾക്ക് അവളെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതെന്ന് അമ്മ പറഞ്ഞു.

‘അവസാന നിമിഷത്തിലാണ് ഞങ്ങൾക്ക് ആശുപത്രിയിൽ എത്താൻ സാധിച്ചത്. അവളെ വെന്റിലേറ്ററിൽ ആക്കേണ്ട അവസ്ഥയായിരുന്നു. ഒരു അമ്മയെന്ന നിലയിൽ, യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിൽ ഞാൻ നിസഹായയാണ്. കാരണം എന്റെ കുഞ്ഞിന് നെബുലൈസറുകൾ, ആൻറിബയോട്ടിക്കുകൾ, താത്ക്കാലിക വേദനസംഹാരികൾ എന്നിവയെല്ലാം വേണം. എനിക്ക് അവയൊന്നും എത്തിച്ച് നൽകാൻ സാധിക്കുന്നില്ല. ആൻറിബയോട്ടിക്കുകളും നെബുലൈസറുകളും ഇപ്പോൾ ഫലിക്കുന്നില്ല. അവളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്.

ആസ്ത്മ രോഗിയായ എന്റെ മകൾക്ക് ജീവൻ നിലനിർത്താൻ കുപ്പിയിലൂടെ ശ്വസിക്കേണ്ടി വരുന്നു. മനുഷ്യരെന്ന നിലയിൽ ഞങ്ങളുടെ അവകാശങ്ങൾ എവിടെ? ചികിത്സയ്ക്കും സുരക്ഷയ്ക്കുമുള്ള ഈ കുട്ടിയുടെ അവകാശം എവിടെ?,’ മാരാം മന ചോദിക്കുന്നു.

ഗസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏപ്രിൽ വരെ തുടർച്ചയായ ഇസ്രഈലി ബോംബാക്രമണം മൂലം ഗസയിലുടനീളമുള്ള 27 ആശുപത്രികൾ പ്രവർത്തനരഹിതമായി. അവശ്യ മരുന്നുകളുടെ 40 ശതമാനവും മെഡിക്കൽ സാമഗ്രികളുടെ 60 ശതമാനവും ഇപ്പോൾ സ്റ്റോക്കില്ല.

 

Content Highlight: Gaza: Palestinian girl ‘gasping for air’ as mother uses makeshift device to save her