ഗസയ്ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കാന്‍ സി.പി.ഐ.എമ്മിന് അനുമതി
India
ഗസയ്ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കാന്‍ സി.പി.ഐ.എമ്മിന് അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2025, 4:57 pm

മുംബൈ: ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധിക്കാന്‍ സി.പി.ഐ.എമ്മിന് മുംബൈ പൊലീസിന്റെ അനുമതി. സമാധാനപരമായി പ്രതിഷേധിക്കാമെന്നാണ് നിര്‍ദേശം. സി.പി.ഐ.എമ്മിന് സമാധാനപരമായി പ്രതിഷേധിക്കാമെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് മുംബൈ പൊലീസിന്റെ അനുമതി അംഗീകരിച്ചത്. ആസാദ് മൈതാനിയില്‍ പ്രതിഷേധിക്കാനാണ് മുംബൈ പൊലീസ് അനുമതി നല്‍കിയത്. നേരത്തെ ആസാദ് മൈതാനിയില്‍ പ്രതിഷേധിക്കാന്‍ സി.പി.ഐ.എമ്മിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നില്ല.

നിലവില്‍ ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ അനുമതി തേടിക്കൊണ്ട് രണ്ടാം തവണയാണ് സി.പി.ഐ.എം ഹൈക്കോടതിയെ സമീപിക്കുന്നത്. സി.പി.ഐ.എമ്മിന്റെ ആദ്യ ഹരജി വിചിത്ര വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ജൂലൈ 25നായിരുന്നു കോടതിയുടെ നടപടി.

എന്നാല്‍ സി.പി.ഐ.എമ്മും സി.പി.ഐയും കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഗസയിലെ വിഷയത്തില്‍ സമാധാനപരാമായി പ്രതിഷേധിക്കാന്‍ എന്തുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളെ അനുവദിക്കുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. അനുവാദം നല്‍കാതിരിക്കാനുള്ള കാരണം വിശദീകരിക്കാനും മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇടതുപാര്‍ട്ടികള്‍ പൂനെയില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ മുംബൈയില്‍ അത് നിഷേധിക്കുകയാണെന്നും ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ മിഹിര്‍ ദേശായിയും ലാറ ജെസാനിയും ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

ജൂണ്‍ 13ന് ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ (എ.ഐ.പി.എസ്.ഒ) ബാനറില്‍ ആയിരുന്നു പ്രതിഷേധത്തിനായി അനുമതി തേടികൊണ്ടുള്ള അപേക്ഷ ആദ്യമായി സമര്‍പ്പിച്ചത്. ജൂണ്‍ 17ന് ആസാദ് മൈതാന്‍ പൊലീസ് ഇത് നിരസിക്കുകയായിരുന്നു.

ഒരു അന്താരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് ഇന്ത്യയുടെ വിദേശനയത്തിന് വിരുദ്ധമാകുമെന്നും രാഷ്ട്രീയ, സാമൂഹിക, മത ഗ്രൂപ്പുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമായിരുന്നു പ്രതിഷേധം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളായി പൊലീസ് പറഞ്ഞത്.

തുടര്‍ന്ന് ജൂണ്‍ 25നും ജൂലൈ 19നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവയും നിരസിക്കുകയായിരുന്നു. അതിന് ശേഷമാണ് കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ജൂലൈ അവസാനത്തില്‍ സി.പി.ഐ.എമ്മിന്റെ ഹരജി തള്ളിയ കോടതി, ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ പുലര്‍ത്തൂ. നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്. ഇത് പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നായിരുന്നു പറഞ്ഞത്.

Content Highlight: CPI(M) allowed to peacefully protest for Gaza