ഗസ നഗരത്തില്‍ നിന്നും ഏഴര ലക്ഷം ജനങ്ങള്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്‌തെന്നും ഹമാസ് തങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇസ്രഈല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.
ഹമാസിന്റെ ഗസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും, സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിന് സൈന്യത്തിന് മുന്നില്‍ സ്വയം പ്രവര്‍ത്തിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ വിന്യസിക്കുകയും ചെയ്‌തെന്നും കാറ്റ്‌സ് പറഞ്ഞു.
ഗസയിലെ വ്യോമ, കര മേഖലകളില്‍ നിന്നുള്ള പ്രതിരോധ ശക്തികളെ തകര്‍ക്കാനായി ശക്തമായ വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ കാറ്റ്‌സ്, ഐ.ഡി.എഫ് സൈനികരെ ധീരമായി പോരാടുന്നവരെന്നാണ് വിശേഷിപ്പിച്ചത്.
ഗസയില്‍ മാത്രമല്ല, സമീപപ്രദേശങ്ങള്‍ക്ക് നേരെയും കനത്ത ആക്രമണമാണ് നടത്തുന്നതെന്നും അവിടങ്ങളിലെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഹമാസിനെ വെല്ലുവിളിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
צה”ל מגביר את עוצמת התקיפות בעזה ומקדם את שלב ההכרעה.
למעלה מ-750 אלף תושבים התפנו מהעיר עזה דרומה, למרות איומי חמאס, והתנועה נמשכת.
מגדלי טרור בעיר הוקרסו ותשתיות טרור נהרסו. נגמ”שי נפץ אוטונומיים מופעלים לפני הכוחות לסיכול מטענים, ומעטפת האש להגנה על הכוחות המתמרנים מהאוויר…
എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ ഇസ്രഈല്‍ പിന്മാറില്ല. ഇസ്രഈല്‍ സേനയുടെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ ഗസ നശിപ്പിക്കപ്പെടുകയും, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രഈല്‍ കാറ്റ്‌സ് ഭീഷണി മുഴക്കി.
അതേസമയം, ലോകരാജ്യങ്ങള്‍ ഇസ്രഈലിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. യു.എന്‍ പൊതുസമ്മേളനത്തിലെ പ്രസംഗങ്ങളിലെല്ലാം നിറഞ്ഞുനിന്നത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ഇസ്രഈല്‍ വിമര്‍ശനങ്ങളുമായിരുന്നു. യു.എസിനെ പോലുള്ള ചില രാജ്യങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയില്‍ ഇസ്രഈലിന്റെ വാക്കുകളെ പിന്തുണയ്ക്കുന്നത്.
കഴിഞ്ഞദിവസം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തെ കൂക്കി വിളികളാലാണ് പ്രതിനിധികള്‍ എതിരേറ്റത്. ചില യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും അറബ്, ആഫ്രിക്കന്‍ രാഷ്ട്രങ്ങൡലെയും നൂറിലേറെ പ്രതിനിധികളാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നതിനിടെ യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഇറ്റലി പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫലസ്തീന്‍ മോചനത്തിന് ആഹ്വാനം ചെയ്യുന്ന വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
ഇതിനിടെ, ഇസ്രഈലിന്റെ ഗസയിലെ വംശഹത്യയെ ഐക്യരാഷ്ട്രസഭയില്‍ നിശിതമായ ഭാഷയില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ വിമര്‍ശിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ഇസ്രഈലിനെ അഭിനവനാസികളെന്നാണ് പെട്രോ വിശേഷിപ്പിച്ചത്.
ഫലസ്തീന്റെ മോചനത്തിനായി ഏഷ്യന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് അന്താരാഷ്ട്രസൈനിക സേനയെ സൃഷ്ടിക്കണമെന്നും ഇസ്രഈലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകളെ കടത്തിവിടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രസംഗം അവസാനിപ്പിച്ച പെട്രോയുടെ അരികിലെത്തി കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഐക്യദാര്‍ഢ്യം അറിയിച്ചത്. ഈ ചിത്രവും ലോകം ഏറ്റെടുത്തിരുന്നു.
അതേസമയം, ഇസ്രഈലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ യു.എസ് ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.എസ് തയ്യാറായേക്കുമെന്നും സൂചനകളുണ്ട്.
ഏതാനും അറബ് രാജ്യങ്ങള്‍ക്ക് കൈമാറിയ രേഖയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ യു.എസ് അനുകൂലിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഫലസ്തീനികളെ ഗസയില്‍ തുടരാന്‍ അനുവദിക്കുമെന്ന നിലപാടാണ് യു.എസ് കൈക്കൊണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Attack has been intensifiedGaza will be destroyed, Hamas will be eliminated; Israeli Defense Minister says