അവര്‍ക്ക് ഞാന്‍ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കും സിനിമകളിലേക്ക് വിളിക്കാത്തത്; എന്നെ വെച്ച് പൈസയുണ്ടാക്കുന്നവര്‍ ഉണ്ടാക്കട്ടെ: ഗായത്രി സുരേഷ്
Entertainment news
അവര്‍ക്ക് ഞാന്‍ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കും സിനിമകളിലേക്ക് വിളിക്കാത്തത്; എന്നെ വെച്ച് പൈസയുണ്ടാക്കുന്നവര്‍ ഉണ്ടാക്കട്ടെ: ഗായത്രി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th April 2022, 11:12 am

ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. തന്റെ സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം എന്നുമൊരു വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.

സിനിമ എന്നതിലുപരി സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുണ്ട്.

എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. 2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഒരേ മുഖം, കരിങ്കുന്നം സിക്‌സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ടി.വി കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

ട്രോളുകള്‍ കാരണമായിരിക്കാം തനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നതെന്നും തന്നെ സിനിമയിലെടുത്താല്‍ അത് നെഗറ്റീവായിട്ട് സിനിമയെ ബാധിക്കുമെന്ന് കരുതി കാണുമെന്നും ഗായത്രി പറഞ്ഞു.

‘അവസരങ്ങള്‍ കിട്ടാതായതിന് കാരണം ചിലപ്പോള്‍ ട്രോളുകളായിരിക്കാം. ആദ്യം ട്രോള്‍ കിട്ടിതുടങ്ങിയ വ്യക്തികളിലൊരാളാണ് ഞാന്‍. അന്നൊക്കെ ട്രോളിനെ ഭയങ്കര നെഗറ്റീവായിട്ടാണ് ആളുകള്‍ കാണുന്നത്. ട്രോള്‍ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്തതാണെന്നും, അങ്ങനെയുള്ളവരെ സിനിമയിലേക്കെടുക്കരുത് അങ്ങനെയൊക്കെയായിരിക്കും ആളുകള്‍ ചിന്തിച്ചത്.

ആ കുട്ടിയെ ആര്‍ക്കും ഇഷ്ടമല്ല, അപ്പോള്‍ നമ്മള്‍ സിനിമയിലെടുത്ത് കഴിഞ്ഞാന്‍ അത് സിനിമയെ വളരെ നെഗറ്റീവായിട്ട് എഫക്ട് ചെയ്യും. ആളുകള്‍ സിനിമയ്ക്ക് കയറിയെന്ന് വരില്ല, അങ്ങനെയൊക്കെയാവും ചിന്തിച്ചത്.

ആദ്യമൊക്കെ സിനിമ കിട്ടിയില്ലെങ്കില്‍ ഞാനെന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ അങ്ങനെയൊരു ചിന്തയില്ല. സിനിമ കിട്ടിയില്ലെങ്കില്‍ വേറെന്തെങ്കിലും ചെയ്യും, അത്രയുള്ളു. ഞാന്‍ ചെയ്യുന്ന സിനിമകള്‍ നന്നായി ചെയ്ത്, എവിടെയെങ്കിലും എത്തണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ അതിന്റെ കൂടെ ഞാന്‍ വേറെ വഴികളെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ജീവിക്കാന്‍ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ഞാന്‍ ആലോചിക്കുന്നത്.

വലിയ സംവിധായകര്‍ എന്തുകൊണ്ടാണ് അവരുടെ സിനിമകളിലേക്ക് വിളിക്കാത്തതെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് വളരെ ബോള്‍ഡായാണ് ഗായത്രി ഉത്തരം നല്‍കുന്നത്.

‘ആര്‍ക്കാണ് വലിയ സംവിധായകരുടെ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തത്. അവര്‍ക്ക് ഞാന്‍ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കാം എന്നെ സിനിമകളിലേക്ക് വിളിക്കാത്തത്. പക്ഷെ ഞാന്‍ ഷാഫി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ശിവയുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.

താന്‍ മനപൂര്‍വം ഇന്റര്‍വ്യൂകള്‍ക്ക് നിന്ന് കൊടുക്കുന്നതാണ്. തനിക്കറിയാം എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്. അവര്‍ക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റര്‍വ്യൂന് വിളിക്കുന്നത്. അത് അവര്‍ പൈസയുണ്ടാക്കട്ടെയെന്നും ഗായത്രി പറയുന്നു.

തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിന്നും താന്‍ തയ്യാറല്ലെന്നും ഒരുപാട് പേര്‍ കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്, അതിനൊന്നും ഞാന്‍ തയ്യാറല്ലെന്നും താരം പറയുന്നു.

Content Highlights: Gayathri Suresh says about her movies