എന്നെ അഭിനയം പഠിപ്പിക്കാന്‍ അയാളാരാണെന്ന് കമല്‍ സാര്‍ അന്ന് എന്നോട് ചോദിച്ചു: ഗൗതം വാസുദേവ് മേനോന്‍
Entertainment
എന്നെ അഭിനയം പഠിപ്പിക്കാന്‍ അയാളാരാണെന്ന് കമല്‍ സാര്‍ അന്ന് എന്നോട് ചോദിച്ചു: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 11:42 am

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച ഗൗതം വാസുദേവ് മേനോന്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. കാക്ക കാക്ക, വേട്ടൈയാട് വിളയാട്, എന്നൈ അറിന്താല്‍ എന്നീ സിനിമകളിലൂടെ പൊലീസ് കഥകളെ വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

തന്റെ ഇഷ്ടതാരമായ കമല്‍ ഹാസനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വേട്ടൈയാട് വിളയാട്. ഡി.സി.പി. രാഘവന്‍ എന്ന പൊലീസ് ഓഫീസറായി കമല്‍ ഹാസന്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു വേട്ടൈയാട് വിളൈയാട്. തമിഴ് സിനിമ മുമ്പ് കാണാത്ത തരത്തിലുള്ള കഥ പറച്ചിലായിരുന്നു ചിത്രത്തിന്റേത്.

ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. താന്‍ എഴുതിയ കഥയെ കമല്‍ ഹാസന്‍ എങ്ങനെ അവതരിപ്പിക്കണമെന്ന ചിന്ത മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് ജി.വി.എം. പറഞ്ഞു. വേട്ടൈയാട് വിളയാടിന് മുമ്പ് കമല്‍ സാര്‍ ചെയ്ത ഒരു സിനിമയില്‍ ഒരു സംവിധായകന്‍ അദ്ദേഹത്തിനോട് എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് പറഞ്ഞെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായില്ലെന്ന് തന്നോട് പറഞ്ഞെന്നും ഗൗതം മേനോന്‍ പറഞ്ഞു.

ഓരോ സീനിലും എന്ത് പറയണം എന്ന് മാത്രമേ താന്‍ എഴുതിയിരുന്നുള്ളൂവെന്നും ആ കഥാപാത്രത്തിന്റെ ബാക്കി കാര്യങ്ങള്‍ കമല്‍ ഹാസന്റെ ഇന്‍പുട്ട് ആയിരുന്നെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ട്രോ സീനില്‍ കത്തി കൊടുത്ത ശേഷം കണ്ണ് തുറന്നുപിടിക്കുന്ന സീനെല്ലാം കമല്‍ ഹാസന്‍ കൈയില്‍ നിന്ന് ഇട്ടതാണെന്നും ജി.വി.എം. പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഗൗതം മേനോന്‍.

‘വേട്ടൈയാട് വിളയാടിന്റെ കഥ പറയാന്‍ പോയപ്പോള്‍ കമല്‍ സാറിന് അത് ഇഷ്ടമാകുമോ എന്ന് അറിയില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന് കഥ ഇഷ്ടമായി. പിന്നീട് ബാക്കി കാര്യങ്ങളെക്കുറിച്ചായി ഞങ്ങളുടെ സംസാരം. അദ്ദേഹത്തെ രാഘവന്‍ എന്ന കഥാപാത്രമായി മാത്രമേ ഞാന്‍ മനസില്‍ കണ്ടുള്ളൂ. അതിനെ കമല്‍ സാറിന്റേതായ രീതിയില്‍ എങ്ങനെ അവതരിപ്പിക്കുമെന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. സംസാരത്തിനിടയില്‍ അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു. അക്കൂട്ടത്തില്‍ മുമ്പ് വര്‍ക്ക് ചെയ്ത ഒരു സിനിമയുടെ അനുഭവം പങ്കുവെച്ചു.

ഒരു ഡയറക്ടര്‍ അദ്ദേഹത്തോട് സീനിനൊപ്പം എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് പറഞ്ഞുകൊടുത്തു. ‘എങ്ങനെ അഭിനയിക്കണം എന്ന് എന്നെ പഠിപ്പിക്കാന്‍ അവന്‍ ആരാ’ എന്ന് കമല്‍ സാര്‍ ചോദിച്ചു. പിന്നീട് വേട്ടൈയാട് വിളയാടിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ വെറും ഡയലോഗ് മാത്രമേ അദ്ദേഹത്തിന് കൊടുത്തുള്ളൂ. ബാക്കി കാര്യങ്ങള്‍, ഇന്‍ട്രോ സീനില്‍ കണ്ണില്‍ കൈ വെക്കുന്ന സംഗതികള്‍ അദ്ദേഹത്തിന്റെ ഇന്‍പുട്ടാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Content Highlight: Gautham Vasudev Menon shares the shooting experience with Kamal Haasan in Vettaiyaadu Vilaiyaadu