നടന്‍ എന്ന നിലയില്‍ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടില്ല, നിയമപ്രശ്‌നങ്ങള്‍ തീരാറായി, ധ്രുവ നച്ചത്തിരം റിലീസ് മാസം പങ്കുവെച്ച് ഗൗതം വാസുദേവ് മേനോന്‍
സിനിമാപ്രേമികള്‍ ഒരുപാട് കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2015ലാണ് അനൗണ്‍സ് ചെയ്തത്. 2017ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിരുന്നു. എന്നാല്‍ ഷൂട്ട് അവസാനിച്ചത് 2022ലായിരുന്നു. പ്രൊഡക്ഷന്‍ പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രം വൈകിയത്.
2023ല്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം നിയമപ്രശ്‌നങ്ങള്‍ കാരണം അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. അഭിനേതാവെന്ന നിലയില്‍ താന്‍ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് മാത്രമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം തീര്‍ത്തുവരികയാണെന്നും ഇന്‍വെസ്റ്റര്‍മാരോടും പാര്‍ട്ണര്‍മാരോടും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ എല്ലാം ശരിയാകുമെന്നും ജൂലൈയിലോ ഓഗസ്റ്റിലോ ചിത്രം റിലീസ് ചെയ്യുമെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. യൂട്യൂബ് റിവ്യൂവര്‍ പ്രശാന്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധ്രുവ നച്ചത്തിരം മാത്രമാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ഒരേയൊരു സിനിമ. സംവിധായകന്‍ എന്ന നിലയിലോ, നടന്‍ എന്ന നിലയിലോ പുതിയ സിനിമകളൊന്നും ഞാന്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. മുഴുവന്‍ എഫര്‍ട്ടും ഈയൊരൊറ്റ സിനിമക്ക് വേണ്ടിയാണ് ഇപ്പോള്‍. സിനിമയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളൊക്കെ സോര്‍ട് ചെയ്തുവരുന്നു.
Only After the Release of the #Dhruvanatchathiram, I’ll do my Next work.. I haven’t even signed anything in Acting as well.. We’ve shown the film to the investor & he said the film is good.. We are sorting out the legal issues now.. July/August release for sure..” – #GVMpic.twitter.com/2oYTiBYgSo
എന്റെ കൂടെയുള്ള ഇന്‍വെസ്റ്റര്‍മാരോടും പാര്‍ട്ണര്‍മാരോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരുടെ സപ്പോര്‍ട്ടും കൂടെയുണ്ട്. അധികം വൈകാതെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമം,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
വിക്രം നായകനായെത്തുന്ന ചിത്രത്തില്‍ റിതു വര്‍മയാണ് നായിക. ഐശ്വര്യ രാജേഷും ചിത്രത്തിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് ഡേറ്റ് ഇഷ്യു കാരണം താരം പിന്മാറുകയായിരുന്നു. സിമ്രന്‍, പാര്‍ത്ഥിബന്‍, വിനായകന്‍, രാധിക ശരത്കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Gautham Vasudev Menon says Dhruva Natchathiram movie might release in July or August this year