നാരായണീന്റെ മൂന്നാണ്മക്കളിലെ കസിന്‍ റിലേഷനെക്കുറിച്ച് ആരും എന്നോട് നെഗറ്റീവായി സംസാരിച്ചിട്ടില്ല, പലരും ചോദിച്ചത് ആ ഒരു കാര്യം മാത്രം: ഗാര്‍ഗി അനന്തന്‍
Entertainment
നാരായണീന്റെ മൂന്നാണ്മക്കളിലെ കസിന്‍ റിലേഷനെക്കുറിച്ച് ആരും എന്നോട് നെഗറ്റീവായി സംസാരിച്ചിട്ടില്ല, പലരും ചോദിച്ചത് ആ ഒരു കാര്യം മാത്രം: ഗാര്‍ഗി അനന്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 11:15 am

ഷോര്‍ട് ഫിലിമുകളിലൂടെയും നാടകങ്ങളിലൂടെയും സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഗാര്‍ഗി അനന്തന്‍. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ നേടിയ റണ്‍ കല്യാണിയിലൂടെയാണ് ഗാര്‍ഗി സിനിമാലോകത്തേക്കെത്തിയത്. തുടര്‍ന്ന് ഗ്രാമവൃക്ഷത്തിലെ കുയില്‍, വടക്കന്‍ എന്നീ ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ നാരായണീന്റെ മൂന്നാണ്മക്കളിലും ഗാര്‍ഗി ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലെ ആതിര എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നു. കസിന്‍സ് തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉടലെടുത്തു.

എന്നാല്‍ റിലീസിന് ശേഷം ആരും തന്നോട് അത്തരം വിഷയങ്ങളെക്കുറിച്ച് നെഗറ്റീവായി ചോദിച്ചിട്ടില്ലെന്ന് പറയുകയാണ് ഗാര്‍ഗി അനന്തന്‍. കസിന്‍സ് തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് ഗാര്‍ഗി പറഞ്ഞു. തന്നോട് സംസാരിച്ച എല്ലാവരും തന്റെ അഭിനയത്തെക്കുറിച്ച് മാത്രമേ ചോദിച്ചുള്ളൂവെന്നും നടി പറയുന്നു. മഹിളാരത്‌നത്തോട് സംസാരിക്കുകയായിരുന്നു അവര്‍.

‘കസിന്‍ റിലേഷന്‍ഷിപ്പൊക്കെ ചര്‍ച്ചയായപ്പോഴും ആരും എന്നോട് അതിനെക്കുറിച്ച് നെഗറ്റീവായിട്ട് സംസാരിച്ചിട്ടില്ല. പലരും സംസാരിച്ചത് സിനിമയെക്കുറിച്ചും എന്റെ അഭിനയത്തെക്കുറിച്ചുമാണ്. ചിലപ്പോള്‍ സിനിമയുടെ എഴുത്തുകാരനോടും സംവിധായകനോടും അതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടാകാം. എനിക്ക് അതിനെക്കുറിച്ച് അറിയില്ല.

നാരായണീന്റെ മൂന്നാണ്മക്കളുടെ സംവിധായകന്‍ ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്‌നം പോലെ എന്ന ഷോര്‍ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടരവര്‍ഷം മുമ്പാണ് ശരണ്‍ എന്നോട് ആദ്യമായി ഈ സിനിമയക്കുറിച്ച് സംസാരിച്ചത്. കഥയുടെ ബേസിക് ഐഡിയ മാത്രമേ അന്ന് പങ്കുവെച്ചുള്ളൂവെന്നാണ് ഓര്‍മ.

തിരക്കഥ വായിച്ച ശേഷം എന്റെ മനസില്‍ വന്ന ചില ഇമേജുകള്‍ ഞാന്‍ ശരണുമായി പങ്കുവെച്ചു. ഞങ്ങള്‍ രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ ഏതാണ്ട് ഒരുപോലെയായിരുന്നു. ശരണിനെ നേരത്തെ അറിയാവുന്നതുകൊണ്ട് അഭിപ്രായങ്ങള്‍ പങ്കുവെക്കാനുള്ള സ്‌പേസുണ്ട്. എന്തെങ്കിലും വ്യക്തതക്കുറവുണ്ടെങ്കില്‍ അത് ധൈര്യമായി പങ്കുവെക്കാന്‍ കഴിയും,’ ഗാര്‍ഗി പറയുന്നു.

നവാഗതനായ ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്ത ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. അലന്‍സിയര്‍, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. തോമസ് മാത്യു, ഗാര്‍ഗി, സജിത മഠത്തില്‍, ഷെല്ലി കിഷോര്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. തിയേറ്ററില്‍ ശരാശരി വിജയം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.

Content Highlight: Garggi Anandan about the cousin relationship portion in Narayaneente Moonnanmakkal movie