ഒട്ടും അത്ഭുതമില്ല, സാബിയുടെ പുറത്താവലിന് കാരണമിത്; തുറന്നുപറഞ്ഞ് ബെയ്ൽ
Football
ഒട്ടും അത്ഭുതമില്ല, സാബിയുടെ പുറത്താവലിന് കാരണമിത്; തുറന്നുപറഞ്ഞ് ബെയ്ൽ
ഫസീഹ പി.സി.
Wednesday, 21st January 2026, 10:23 pm

പരിശീലകനായിരുന്ന സാബി അലോന്‍സോയെ റയല്‍ മാഡ്രിഡ് പുറത്താക്കിയതില്‍ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഗാരത്ത് ബെയ്ല്‍. സാബി മികച്ചൊരു പരിശീലകനാണെന്നും എന്നാല്‍ റയലിന് ഒരു മാനേജരെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

റയലില്‍ ടാക്ടിക്സിനേക്കാള്‍ ഡ്രസിങ് റൂമിലെ സൂപ്പര്‍ താരങ്ങളുടെ ഈഗോയെയാണ് നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.എന്‍.ടി സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു മുന്‍ റയല്‍ താരമായ ബെയ്ല്‍.

ഗാരത്ത് ബെയ്ല്‍. Photo: Madrid Xtra/x.com

‘സാബി അലോന്‍സോയുടെ കാര്യത്തില്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല. റയല്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് കൃത്യമായി അറിയാം. അവിടെ ടീമിന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, അത് എത്ര ചെറിയ വീഴ്ചയായാല്‍ പോലും നിങ്ങള്‍ പുറത്തായിരിക്കും. അത് ടീമിന്റെ രീതിയാണ്.

തീര്‍ച്ചയായും സാബി മികച്ചൊരു പരിശീലകനാണ്. ലെവര്‍കൂസനിലെ അദ്ദേഹത്തിന്റെ വിജയങ്ങളും കിരീടങ്ങളും നമ്മള്‍ കണ്ടതാണ്. അവരെ മികച്ച രീതിയിലാണ് അദ്ദേഹം പരിശീലിപ്പിച്ചത്. എന്നാല്‍, റയല്‍ മാഡ്രിഡില്‍ എത്തുമ്പോള്‍ ഒരു പരിശീലകനെയല്ല, മറിച്ച് മാനേജരെയാണ് അവര്‍ക്ക് വേണ്ടത്. അവിടെ നിങ്ങള്‍ക്ക് ഡ്രസിങ് റൂമിലെ ഈഗോയെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

റയലില്‍ ടാക്ടിക്സിനേക്കാള്‍ പ്രാധാന്യം ഇതിനാണ്. കാരണം, കണ്ണ് അടക്കുന്ന നേരത്തിനുള്ളില്‍ കളി മാറ്റാന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരങ്ങളാണ് ആ ഡ്രസിങ് റൂമിലുള്ളത്. തീര്‍ച്ചയായും സാബി ഒരു മികച്ച പരിശീലകനും തന്ത്രജ്ഞനുമാണ്, പക്ഷേ മാഡ്രിഡില്‍ അത് വേണ്ട രീതിയില്‍ ഫലിച്ചില്ല,’ ബെയ്ല്‍ പറഞ്ഞു.

ജനുവരി 26നാണ് റയല്‍ മാഡ്രിഡ് സാബിയെ പരിശീലക സ്ഥാനത്ത് പുറത്താക്കിയത്. സൂപ്പര്‍ കോപ്പ സ്പാനിയ ഫൈനലില്‍ തോറ്റതിന് പിന്നാലെയായായിരുന്നു ഈ നടപടി. ഫൈനലില്‍ തങ്ങളുടെ ചിര വൈരികളായ ബാഴ്സലോണയുടെ ടീം തോറ്റിരുന്നു.

സാബി അലോന്‍സോ. Photo: Liverpool Zone/x.com

എല്‍ ക്ലാസിക്കോ ഫൈനലില്‍ ടീമിന് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് തോല്‍വി വഴങ്ങിയത്. ഈ ഫൈനല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പരിശീലകനുമായി വേര്‍പിരിഞ്ഞുവെന്ന് റയല്‍ അറിയിച്ചത്.

 

Content Highlight: Gareth Bale says he didn’t surprised that Real Madrid sacked Xabi Alonso

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി