നാളെ മുതൽ 'ഗെയിം ഓഫ് ത്രോൺസ്' അവസാന സീരീസ് സംപ്രേക്ഷണം ചെയ്തു തുടങ്ങും; ഇന്ത്യക്കാർക്ക് സീരീസ് കാണാനുള്ള വഴികൾ എന്തൊക്കെ?
Entertainment
നാളെ മുതൽ 'ഗെയിം ഓഫ് ത്രോൺസ്' അവസാന സീരീസ് സംപ്രേക്ഷണം ചെയ്തു തുടങ്ങും; ഇന്ത്യക്കാർക്ക് സീരീസ് കാണാനുള്ള വഴികൾ എന്തൊക്കെ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2019, 12:37 pm

ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമേറിയ ടെലിവിഷൻ സീരീസാണ് ‘ഗെയിം ഓഫ് ത്രോൺസ്’. ഈ സീരീസിന്റെ എപ്പിസോഡുകളോ ഭാഗങ്ങളോ ഏതെങ്കിലും വിധേന പുറത്തിറങ്ങിയതായി ഇനിയും വിവരം ലഭിച്ചിട്ടില്ല. അതിന്റെയർത്ഥം സീരീസ് കാണാൻ നിങ്ങൾക്ക് അത് ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും എന്നാണ്. ഇന്ത്യയിൽ സീരീസ് ഏത് പ്ലാറ്റ്ഫോം വഴിയാണ് സീരീസ് കാണാൻ സാധിക്കുക എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ആരാധകർ.

അമേരിക്കൻ എഴുത്തുകാരനായ ജോർജ്ജ് ആർ.ആർ. മാർട്ടിന്റെ ‘ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ’ എന്ന പേരിലുള്ള പുസ്തക സീരിസിനെ അടിസ്ഥാനമാക്കിയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പുസ്തകങ്ങളേക്കാൾ ഏറെ ദൂരം ടെലിവിഷൻ സീരീസ് മുന്നോട്ട് പോയിക്കഴിഞ്ഞു. പുസ്തക സീരീസിലെ അടുത്ത അധ്യായമായ ‘വിൻഡ്‌സ് ഓഫ് വിന്റർ’ പുറത്തിറങ്ങാൻ ഇരിക്കുന്നതേയുള്ളൂ. ‘ഗെയിം ഓഫ് ത്രോൺസിലെ അവസാന സീസൺ കൂടിയായ എട്ടാം സീസണിലെ കഥ ‘എ ഡ്രീം ഓഫ് സ്പ്രിങ്’ എന്ന പുസ്തകത്തിലേത് ആകാനാണ് സാധ്യത എന്നാണു ആരാധകർ കരുതുന്നത്.

സീരീസിന്റെതായി ഇതുവരെ പുറത്തുവന്ന ടീസറുകൾ അവസാന സീസണിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നതിനെകുറിച്ച് ചില സൂചനകൾ തരുന്നുണ്ട്. ‘നൈറ്റ് കിങ്ങി’ന്റെ സൈന്യം വിന്റർഫാളിലെ മനുഷ്യരുമായി ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നതായാണ് ടീസറുകളിൽ നിന്നും വെളിവാകുന്നത്. യുദ്ധത്തിൽ നോർത്ത് വെസ്റ്റെറോസിലെ ആര്യ സ്റ്റാർക്ക്, ജോൺ സ്നോ, ഡാർനെറിസ് ടർഗാറിൻ, സാൻസ സ്റ്റാർക്ക്, എന്നിവർ ഉൾപ്പെടെയുള്ളവർ വൻ ഭീഷണി നേരിടുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

നൈറ്റ് കിങ്ങിന്റെ ‘മരണമില്ലാത്ത’ സൈന്യത്തെ ജയിക്കാൻ പ്രധാന കഥാപാത്രങ്ങളെല്ലാം കിങ്‌സ് ലാന്റിങ്ങിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ, യഥാർത്ഥ ചോദ്യം, ‘അയൺ ത്രോൺ’ അവസാനം ആരുടെ കൈയിലാകും എന്നതാണ്. നിലവിൽ സേർസെ ലാനിസ്റ്റർ ആണ് സിംഹാസനം അലങ്കരിക്കുന്നത്. എന്നാൽ സീസൺ 8ൽ സിംഹാസനം മറ്റൊരാളുടെ കൈയിലാകും എന്ന് ആരധകർ പറയുന്നുണ്ട്. ഇതറിയാൻ നാളെ പ്രീമിയർ ചെയ്തു തുടങ്ങുന്ന സീസൺ കണ്ടുതുടങ്ങുകയാണ് വഴി.

ഇന്ത്യയിൽ ഹോട്ട്സ്റ്റാർ വഴിയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ സംപ്രേക്ഷണം ചെയ്തു തുടങ്ങുക. നാളെ രാവിലെ ഇന്ത്യൻ സമയം 6:30 മുതൽ സീരീസിന്റെ എട്ടാം സീസണിന്റെ ലൈവ് സ്ട്രീം ആരംഭിക്കും.അല്പം കാത്തിരിക്കാമെങ്കിൽ തിങ്കളാഴ്ച രാത്രി മുതൽ ‘സ്റ്റാർ വേൾഡ്’ ചാനലിലും സീരീസ് കാണാനാകും. എന്നാൽ സമയം വൈകി സീരീസ് കാണുക എന്നത് ഒരു കുറവായി തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. അതുകൊണ്ട് അമേരിക്കയിൽ സീരീസ് പ്രീമിയർ ചെയ്യുന്ന സമയത്ത് തന്നെ അത് കാണാൻ ഇന്ത്യയിലെ ആരാധകർ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ തയാറാക്കി വെക്കേണ്ടതാണ്. 999 രൂപ നൽകിയാൽ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതാണ്.