എഡിറ്റര്‍
എഡിറ്റര്‍
ഗെയില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി
എഡിറ്റര്‍
Wednesday 8th November 2017 8:03am


കോഴിക്കോട്: നിര്‍മ്മാണ നടപടികളുമായി ഗെയില്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കുമെന്ന് സമരസമിതി ചൊവ്വാഴ്ച രാത്രി എരഞ്ഞിമാവില്‍ നടന്ന യോഗത്തിലാണ് നീണ്ട ചര്‍ച്ചയ്ക്കു ശേഷം സമരവുമായി മുന്നോട്ടു പോകാന്‍ സമരസമിതി തീരുമാനിച്ചത്.

10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് സര്‍വകക്ഷിയോഗ തീരുമാനപ്രകാരം പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ഗെയില്‍ അധികൃതര്‍ കനത്ത പൊലീസ് കാവലില്‍ ജോലികള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചു കൂടിയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ മലബാറിലെ മറ്റ് ജില്ലകളിലേക്കു കൂടി സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് യോഗം വിളിച്ച് പുതിയ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്. നാലുദിവസത്തിനകം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് യോഗ തീരുമാനം വിശദീകരിച്ച് സമരസമിതി നേതാവ് സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു.


Read more:  കള്ളപ്പണക്കാരുടെ പട്ടികയില്‍ മോദിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കമ്പനിയും


കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമായി ഇന്നലെയും റിമാന്‍ഡില്‍ കഴിയുന്ന 11 പേര്‍ക്കെതിരെ മറ്റു കേസുകള്‍ കൂടി ചാര്‍ജ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു പ്രാദേശിക തലത്തില്‍ പൊലീസിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുമെന്ന് കലക്ടര്‍ അമിത് മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എം.എല്‍.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പിന്തുണ നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഏറ്റെടുക്കലിന്റെയും നിര്‍മാണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്നത് പരിഗണിക്കുമെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവരെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് എംഎല്‍എമാരായ പി.ഉബൈദുല്ല, പി.കെ.ബഷീര്‍, എം.ഉമ്മര്‍, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പറഞ്ഞിരുന്നു.

Advertisement