ജപ്പാന്റെ ഹൃദയം തകര്‍ത്ത ഗോള്‍ ഇനി ചരിത്രം; പറന്നുയര്‍ന്ന് കാനറികള്‍
FIFA World Cup 2026
ജപ്പാന്റെ ഹൃദയം തകര്‍ത്ത ഗോള്‍ ഇനി ചരിത്രം; പറന്നുയര്‍ന്ന് കാനറികള്‍
സുദേവ് എ
Tuesday, 30th June 2026, 8:16 am

2026 ഫിഫ ലോകകപ്പില്‍ ഏഷ്യന്‍ വമ്പന്മാരായ ജപ്പാനെ വീഴ്ത്തി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. റൗണ്ട് ഓഫ് 32ല്‍ നടന്ന പോരാട്ടത്തില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തത്. മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ബ്രസീലിന്റെ വമ്പന്‍ തിരിച്ചുവരവ്.

ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൈഷു സനോയിലൂടെയാണ് ജപ്പാന്‍ ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 29ാം മിനിട്ടിലാണ് താരം ബ്രസീലിന്റെ വല കുലുക്കിയത്. ബ്രസീലിന്റെ ഡിഫന്‍സിനെ നോക്കുകുത്തിയാക്കി ഒരു വണ്‍ മാന്‍ സ്ട്രൈക്കിലൂടെയാണ് കൈഷു ഗോള്‍ സ്വന്തമാക്കിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബ്രസീല്‍ 56ാം മിനിട്ടില്‍ കാസിമിറോയിലൂടെ തിരിച്ചടിച്ചു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

പിന്നീട് വിജയ ഗോളിനായി ബ്രസീല്‍ മികച്ച നീക്കങ്ങള്‍ നടത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ ഗോള്‍ പിറന്നത്. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷമായിരുന്നു ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളിലൂടെ ബ്രസീല്‍ വിജയിച്ചുകയറിയത്. 90+5 മിനിട്ടിലാണ് താരം ലക്ഷ്യം കണ്ടത്.

ലോകകപ്പിലെ നോക്ക് ഔട്ട് മത്സരത്തിലെ നിശ്ചിത സമയങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും സമയം കൂടിയ ഗോളാണിത്. ഇറ്റാലിയന്‍ ഇതിഹാസം ഫ്രാന്‍സെസ്‌കോ ടോട്ടിയെ മറികടന്നാണ് മാര്‍ട്ടിനെല്ലി കുതിച്ചത്. 94:26 മിനിട്ടിലാണ് താരം ടോട്ടി ഗോള്‍ നേടിയിരുന്നത്. നാസര്‍ ചാഡ്ലി(93:41), ക്ലാസ് ജാന്‍ ഹണ്ടലാര്‍(93:18) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

അതേസമയം ഈ ലോകകപ്പില്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ് കീഴടക്കിയാണ് ജപ്പാന്‍ മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പോരാട്ടം നടത്തിയാണ് ഏഷ്യന്‍ വമ്പന്മാര്‍ പടിയിറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ തളച്ചാണ് ജപ്പാന്‍ വരവറിയിച്ചത്.

രണ്ടാം മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത സാമുറായ് ബ്ലൂ അവസാന മത്സരത്തില്‍ സ്വീഡനെയും സമനിലയില്‍ കുരുക്കിയാണ് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയിരുന്നത്.

 

Content Highlight: Gabriel Martinelli sets rare World Cup record for Brazil

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.