ജി. സുധാകരന്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥി; ഈ പോക്ക് ജീര്‍ണതയിലേക്ക്: മുഖ്യമന്ത്രി
Kerala
ജി. സുധാകരന്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥി; ഈ പോക്ക് ജീര്‍ണതയിലേക്ക്: മുഖ്യമന്ത്രി
അനിത സി
Wednesday, 1st April 2026, 11:36 am

ആലപ്പുഴ: സി.പി.ഐ.എം വിട്ട് യു.ഡി.എഫിനൊപ്പം പോയ ജി. സുധാകരനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ജി. സുധാകരന്‍ ഇനിയും കൂടുതല്‍ ജീര്‍ണതയിലേക്ക് പോകുമെന്നും കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്താനാണ് സി.പി.ഐ.എമ്മിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയതിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

5000 ബി.ജെ.പി വോട്ടും 15000 സി.പി.ഐ.എം വോട്ടും ലഭിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന ജി. സുധാകരന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി ചിരിച്ചുതള്ളി. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥിയാണ് ജി. സുധാകരനെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് സുധാകരനെ സ്വീകരിച്ചത് ഒരു സുപ്രഭാതത്തിലല്ല. തനിക്കൊപ്പം 15000 വോട്ടും അടര്‍ന്ന് കൂടെ വരുമെന്നുള്ളത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ പറഞ്ഞതായിരിക്കും.

ബി.ജെ.പിയുടെ കൂടെ സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് അദ്ദേഹം 5000 ബി.ജെ.പി വോട്ട് കിട്ടുമെന്ന് ഉറപ്പിച്ച് പറയുന്നത്. അമ്പലപ്പുഴ ദീര്‍ഘകാലമായി എല്‍.ഡി.എഫിന്റെ മണ്ഡലമായതുകൊണ്ട് ബി.ജെ.പിയുടെയടക്കം വോട്ട് വാങ്ങേണ്ട ഗതികേടിലാണ് അദ്ദേഹം.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണെങ്കിലും ബി.ജെ.പിയുടെ വോട്ട് കൂടി വാങ്ങാനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നതെന്നും ഇത് രണ്ട് കൂട്ടരുടേയും പദ്ധതിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ജി. സുധാകരന്റെ സി.പി.ഐ.എം വിമര്‍ശനത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. സുധാകരന്‍ എന്തും പറയും. അദ്ദേഹം എത്തപ്പെട്ട ക്യാമ്പ് അതാണ്. ആ ക്യാമ്പിന്റെ ആളാണെന്ന് തെളിയിക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത്.

സി.പി.ഐ.എമ്മിനൊപ്പമായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെയായിരുന്നു സുധാകരന് എതിര്‍ക്കേണ്ടി വന്നിരുന്നത്. ആ കോണ്‍ഗ്രസിന്റെ തൊപ്പിയാണല്ലോ ഇപ്പോള്‍ എടുത്തണിയേണ്ടി വന്നത്.

അതുകൊണ്ടുതന്നെ ആ കോണ്‍ഗ്രസിനെ നല്ല രീതിയില്‍ തൃപ്തിപ്പെടുത്താനും, താന്‍ പഴയ ആളല്ല, പുതിയ ആളാണെന്ന് തെളിയിക്കാനുമാണ് ജി. സുധാകരന്‍ പഴയതെല്ലാം തള്ളിപ്പറയുന്നതും വെല്ലുവിളികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

അതിനെ ആ നിലയ്ക്ക് കണ്ടാല്‍ മതി. ഇനിയും കൂടുതല്‍ ജീര്‍ണതയിലേക്ക് ജി. സുധാകരന്‍ പോകുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ആലപ്പുഴയില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്നും ഇവിടുത്തെ ജനങ്ങള്‍ ജനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരേക്കാള്‍ ആവേശവും പ്രതിബദ്ധതയും കാണിക്കുന്നവരാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ആലപ്പുഴയിലെ ജനങ്ങള്‍ അത്ഭുതമാണ്. അവസരവാദികളുടെ പേരില്‍ ഒരു വോട്ട് പോലും പാര്‍ട്ടിക്ക് കുറയില്ലെന്നും പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlight: G. Sudhakaran is the candidate of BJP and Congress; This trend is leading to decay: Chief Minister

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.