മലയാള സിനിമയിലെ ഇടത് ഉള്ളടക്കങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിനിമ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍. മലയാള സിനിമ ഒരു വര്‍ഗ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അന്‍പതുകളിലും അറുപതുകളിലുമാണെന്ന് രാമചന്ദ്രന്‍ പറയുന്നു. കേരള സമൂഹം സാംസ്‌കാരികപരമായി വലതുപക്ഷ വത്കരിക്കപ്പെട്ടതാണെന്നും അത് സിനിമയിലും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘തമിഴ് സിനിമ പോലെയല്ല മലയാളം സിനിമ. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മലയാള സിനിമ ഒരു വര്‍ഗ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അന്‍പതുകളിലും അറുപതുകളിലുമാണെന്നാണ് പറയുന്നത്. നമ്മുടെ സമൂഹം എഴുപതുകളുടെ തുടക്കത്തില്‍ വലിയ രീതിയില്‍ വലതുപക്ഷ വത്കരിക്കപ്പെട്ടു.
കേരള സമൂഹമെന്ന് പറയുന്നത് സംസ്‌കാരികപരമായി വലതുപക്ഷ വത്കരിക്കപ്പെട്ടതാണ്. അത് നമുക്ക് പല രീതിയില്‍ കാണാന്‍ കഴിയും. സ്ത്രീ വിരുദ്ധമാണ്, ദളിത് വിരുദ്ധമാണ്, തൊഴിലാളി വിരുദ്ധമാണ്. ഇതൊക്കെത്തന്നെയാണ് നമ്മള്‍ സിനിമകളിലും കാണുന്നത്. അതിനിടയിലാണ് സന്ദേശം, വരവേല്‍പ്പ്, അറബിക്കഥ പോലുള്ള സിനിമകള്‍ വരുന്നത്. അതെല്ലാം കേരളത്തെ അപഹസിക്കുന്നതുപോലുള്ള ചിത്രങ്ങളാണ്. വലിയ ഹിറ്റായതും ആണല്ലോ, മാത്രമല്ല ഇപ്പോഴും ആ സിനിമകള്‍ യൂട്യുബിലും മറ്റുമായി വളരെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ തമിഴില്‍ പുരാണ കഥകളില്‍ നിന്നാണ് ആദ്യകാലത്ത് സിനിമയുണ്ടാകുന്നത്. അവിടെയും മലയാള സിനിമ വ്യത്യസ്തമാണ്. വിഗതകുമാരന്‍, ബാലന്‍, മാര്‍ത്താണ്ഡവര്‍മ തുടങ്ങിയവയെല്ലാം സാമൂഹിക കഥകളും കുടുംബകഥകളുമാണ്. തമിഴ് ഭാഷയെ ബ്രാഹ്‌മണ്യത്തില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും അകറ്റി കൂടുതല്‍ ജനകീയമാക്കുന്നതില്‍ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്,’ ജി.പി. രാമചന്ദ്രന്‍ പറയുന്നു.