പൃഥ്വിരാജ് - മമ്മൂട്ടി; ആരാണ് കൂടുതല്‍ സെലക്റ്റീവ്; തുറന്നുപറഞ്ഞ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍
Entertainment news
പൃഥ്വിരാജ് - മമ്മൂട്ടി; ആരാണ് കൂടുതല്‍ സെലക്റ്റീവ്; തുറന്നുപറഞ്ഞ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th November 2023, 1:09 pm

ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘മഹാറാണി’.

മമ്മൂട്ടി അഭിനയിച്ച ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ സിനിമയിലൂടെയാണ് ജി. മാര്‍ത്താണ്ഡന്‍ ആദ്യമായി സംവിധായകനാകുന്നത്. മമ്മൂട്ടിയുടെ തന്നെ ‘അച്ഛാ ദിന്‍’ എന്ന സിനിമയും പൃഥ്വിരാജിന്റെ ‘പാവാട’യും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയായിരുന്നു.

ഇപ്പോള്‍ പൃഥ്വിരാജാണോ മമ്മൂട്ടിയാണോ കൂടുതല്‍ സെലക്റ്റീവെന്നും ആരെ ബോധ്യപെടുത്താനാണ് പ്രയാസമെന്നും പറയുകയാണ് ജി. മാര്‍ത്താണ്ഡന്‍. ‘മഹാറാണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ടുപേരെയും ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. രാജുവും മമ്മൂട്ടി സാറും ഒരുപോലെയാണ്. ഒരേ രീതിയിലാണ് സംസാരം. അവര്‍ വെട്ടിതുറന്ന് കാര്യങ്ങള്‍ പറയും.

കഥ കേട്ടാല്‍ ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ തന്നെ നടക്കില്ലെന്ന് പറയും, ചെയ്യാമെന്ന് പറഞ്ഞാല്‍ ആ വാക്ക് പാലിച്ചിരിക്കും. ഉറപ്പായും ചെയ്തിരിക്കും. അങ്ങനെ എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് രണ്ടുപേര്‍ക്കും.

ഞാന്‍ അത് മുന്‍പ് പറഞ്ഞിട്ടുണ്ട്. രാജുവും മമ്മൂട്ടി സാറും, രണ്ടുപേരും രൂപം കൊണ്ട് മാറുന്നെന്നേ ഉള്ളൂ. പക്ഷെ സ്വഭാവം ഒരു പോലെയാണ്. ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ അത് പ്രത്യേകം പറഞ്ഞിരുന്നു.

രാജുവിനോട് കഥ പറയാന്‍ പോകുമ്പോള്‍, പാവാടക്ക് നാല് കഥ കൊണ്ടു വന്നു. അത് നാലും റിജക്റ്റ് ചെയ്തിട്ടാണ് പാവാട സെലക്ട് ചെയ്തത്. പാവാടക്ക് ശേഷം രണ്ടുമൂന്ന് കഥ പറഞ്ഞു. പക്ഷെ ഇതുവരെ എനിക്ക് പിടിത്തന്നിട്ടില്ല. മഹാറാണി ഇറങ്ങിയിട്ട് വേണം ഇനി നോക്കാന്‍,’ ജി. മാര്‍ത്താണ്ഡന്‍ പറഞ്ഞു.


Content Highlight: G Marthandan Talks About Mammootty And Prithviraj Sukumaran