മമ്മൂട്ടി കൊള്ളാമെന്ന് പറഞ്ഞ കാതലിലെ ആ ക്യാമറ കണ്ണുകളെക്കുറിച്ച്
Film News
മമ്മൂട്ടി കൊള്ളാമെന്ന് പറഞ്ഞ കാതലിലെ ആ ക്യാമറ കണ്ണുകളെക്കുറിച്ച്
ഹുദ തബസ്സും കെ.കെ
Friday, 24th November 2023, 12:15 pm

ഒരു വ്യക്തി അവന്റെ സ്വത്തത്തെ മറച്ചുപിടിച്ചുകൊണ്ട് നീണ്ട കാലയളവ് വേറെ ആരോ ആയി ജീവിച്ചു തീർക്കുന്നു. സമൂഹത്തെ പേടിച്ചു കൊണ്ട് ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്ന ഒരുപാട് മനുഷ്യർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലാണ് കാതൽ ദി കോർ. ചിത്രത്തിൽ ജിയോ ബേബി പറഞ്ഞു വെക്കുന്നത് അത്തരത്തിലുള്ള സമൂഹത്തെയാണ്.

പ്രണയത്തിന് വ്യത്യസ്തമായ ഭാഷയുണ്ടെന്ന് ജിയോ ബേബി കാതലിലൂടെ തുറന്നുകാട്ടുകയാണ്. ജിയോ ചിത്രങ്ങളിൽ സംഭാഷണത്തേക്കാൾ ദൃശ്യങ്ങളാണ് സംസാരിക്കുക. സാലു കെ.തോമസ് എന്ന ഡി.ഒ.പിയാണ് ജിയോ ബേബി എന്ന സംവിധായകന്റെ ഓരോ ഷോട്ടുകളും സിനിമയാക്കിയത്.

മാത്യു എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഓരോ അഭിനയവിസ്മയവും പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ടെങ്കിൽ അതിന് ദൃശ്യാവിഷ്കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സിനിമയുടെ ക്യാമറമാൻ മമ്മൂട്ടിക്ക് സുപരിചിതനല്ലെന്നും അവൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചിരുന്നെന്നും ജിയോ ബേബി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ഷൂട്ടിന് ശേഷം നിന്റെ ഡി.ഒ.പി കൊള്ളാമെന്ന് മമ്മൂട്ടി തന്നെ പറഞ്ഞതും ജിയോ ബേബി അഭിമുഖത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

മമ്മൂട്ടി കൊള്ളാം എന്ന് പറഞ്ഞ് ആ ക്യാമറ ചിത്രത്തിൽ ഒപ്പിയെടുത്തിട്ടുള്ളത് മാസ്മരികമായ ദൃശ്യ അനുഭവങ്ങളാണ്. അഭിനേതാവിന്റെ മുഖത്ത് വരുന്ന ഓരോ എക്സ്പ്രഷനും കൃത്യമായ രീതിയിൽ പകർത്തിയെടുക്കാൻ സാലു കെ. തോമസ് എന്ന സിനിമോട്ടോഗ്രാഫറിന് സാധിച്ചു എന്ന് തന്നെയാണ് കാതലിന്റെ വിജയം.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തെ അത്രയേറെ മനോഹരമാക്കിയത് അതിലെ ഓരോ ഷോട്ടുകളാണ്. കാരണം സംഭാഷണത്തേക്കാൾ അവിടെ സംസാരിച്ചത് ചില രംഗങ്ങളാണ്. അതുപോലെതന്നെ കാതലിലും സംഭാഷണത്തേക്കാൾ ചില ഭാവങ്ങളാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. വിവാഹമോചനം വേണമെന്ന് ഓമന പറഞ്ഞത് കേട്ട് വീട്ടിൽ വന്ന് കണ്ണാടിയിൽ നോക്കുന്ന മാത്യുവിന്റെ ഒരു മുഖമുണ്ട്, അതിൽ മാത്യു പറയേണ്ട എല്ലാ കാര്യങ്ങളും ആ ഒരൊറ്റ ഷോട്ടിൽ തുറന്നു പറയുന്നുണ്ട്.

സിനിമയുടെ അവസാന ഭാഗത്തിൽ കാറിന്റെ കണ്ണാടിയിലൂടെ കാണുന്ന മാത്യുവിന്റെ ഒരു നിൽപ്പുണ്ട്. ഏതൊരു പ്രേക്ഷകനെയും കണ്ണ് നിറയ്ക്കുന്ന ഒരു നിൽപ്പാണത്. കാരണം അത്രയേറെ ഭംഗിയിലാണ് ആ ഒരു ഷോട്ട് സാലു എടുത്തു വെച്ചിട്ടുള്ളത്. ദേവസി എന്ന മാത്യുവിന്റെ അപ്പന്റെ എല്ലാ ദുഖവുമാണ് അവസാന കെട്ടിപിടിത്തത്തിൽ പറഞ്ഞുവെക്കുന്നത്. അതുപോലെ മാത്യുവിന് ഓമനയോട് പറയാനായി ഒരുപാട് കാര്യമുണ്ടെന്ന് കാഴ്ചക്കാർക്ക് മനസിലാകുന്നത് ശബ്ദത്തിലൂടെയല്ല മറിച്ച് അവരുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളിലൂടെയാണ്. ഓരോ ഷോട്ടിനും കൃത്യമായ സ്‌പേസുണ്ട്. ചിത്രത്തിലെ ഓരോ ഫ്രെയിമും പ്രേഷകനോട് സംസാരിക്കുന്നുണ്ട്.

ഓരോ സീനിനു വേണ്ട ഷോട്ടുകളാണ് സാലു ഒപ്പി എടുത്തിട്ടുള്ളത്. അനാവശ്യമായ ഒരു ഡ്രോൺ ഷോട്ടും ചിത്രത്തിലില്ല. ഇതിലെ ഒരു ഡ്രോൺ ഷോട്ട് പോലും പ്രേക്ഷകനോട് പറഞ്ഞുവെക്കുന്നത് പലതുമാണ്.

ആദർശിന്റെയും പോൾസന്റെയും കഥയെ സിനിമയാക്കിയത് സാലു എന്ന ക്യമറാമാനാണ്. അവരുടെ പ്രതീക്ഷയെ ഒരു തരി പോലും താഴേക്ക് തകർക്കാതെ സുനിൽ തന്റെ ക്യാമറ കണ്ണിലൂടെ അത് പകർത്തിയിട്ടുണ്ട്. കഥയെ ദൃശ്യവൽക്കരിക്കുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. കൃത്യമായ ഫ്രെയിമിൽ വ്യത്യസ്തമായ ഷോട്ടിൽ പ്രേക്ഷകരോട് സംസാരിക്കുന്ന തരത്തിൽ ഷോട്ടുകൾ പകർത്തുമ്പോഴാണ് സിനിമയാകുന്നത്.

Content Highlight: Kathal the core movie’s visual narration

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം