മിടുക്കനായി വരൂവെന്ന് പറഞ്ഞ് മമ്മൂട്ടി സാര്‍ അനുഗ്രഹിച്ചു; ആ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല: ജി. മാര്‍ത്താണ്ഡന്‍
Entertainment
മിടുക്കനായി വരൂവെന്ന് പറഞ്ഞ് മമ്മൂട്ടി സാര്‍ അനുഗ്രഹിച്ചു; ആ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല: ജി. മാര്‍ത്താണ്ഡന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th February 2025, 3:16 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ വ്യക്തിയാണ് ജി. മാര്‍ത്താണ്ഡന്‍. 2013ല്‍ മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനാകുന്നത്.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അച്ഛാ ദിന്‍ (2015). ആ സിനിമയിലും മമ്മൂട്ടിയായിരുന്നു നായകന്‍. ശേഷം പാവാട (2016), ജോണി ജോണി യെസ് അപ്പാ (2018), മഹാറാണി (2023) എന്നീ ചിത്രങ്ങളും ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍ എന്നീ സിനിമകളെ കുറിച്ചും പറയുകയാണ് സംവിധായകന്‍. ഒരു പുതിയ സംവിധായകനെന്ന നിലയില്‍ ആ രണ്ട് സിനിമകളും നല്ല അനുഭവങ്ങള്‍ തന്നെയാണ് തനിക്ക് നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ രണ്ടാമത്തെ സിനിമയായ അച്ഛാ ദിനിലും മമ്മൂട്ടി തന്നെ നായകനായി വന്നത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും പക്ഷേ സിനിമക്ക് താന്‍ പ്രതീക്ഷിച്ചിരുന്ന വിജയം കാണാന്‍ കഴിഞ്ഞില്ലെന്നും ജി. മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു പുതിയ സംവിധായകന്‍ എന്ന നിലയില്‍ ആ രണ്ട് സിനിമകളും എന്നെ സംബന്ധിച്ചിടത്തോളം നല്ല അനുഭവങ്ങള്‍ തന്നെയാണ് എനിക്ക് നല്‍കിയത്. ആദ്യ സിനിമ റിലീസായപ്പോള്‍ എല്ലായിടത്തുനിന്നും നല്ല റെസ്‌പോണ്‍സ് കിട്ടിക്കൊണ്ടിരുന്നു.

അതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ മമ്മൂട്ടി സാറിനെ കാണാന്‍ ഞാന്‍ പോയത് ബാംഗ്ലൂരിലാണ്. അന്ന് അദ്ദേഹം സൈലന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. കാരവനില്‍ വെച്ചു കാണുമ്പോള്‍ അദ്ദേഹവും സന്തോഷവാനായിരുന്നു.

മിടുക്കനായി വരിക എന്നുപറഞ്ഞ് എന്നെ അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി സാര്‍ നിരവധി പുതുമുഖ സംവിധായകര്‍ക്ക് മലയാള സിനിമയില്‍ ആദ്യാവസരം നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ ഒരാളാകാനുള്ള ഭാഗ്യം എനിക്കും കിട്ടി.

എന്റെ രണ്ടാമത്തെ സിനിമയായ അച്ഛാ ദിനിലും മമ്മൂട്ടി സാര്‍ തന്നെ നായകനായി വന്നത് മറ്റൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. പക്ഷേ, സിനിമ ഞാന്‍ പ്രതീക്ഷിച്ചിരുന്ന വിജയം കാണാന്‍ കഴിഞ്ഞില്ല. പാവാട എന്ന എന്റെ മൂന്നാമത്തെ സിനിമ ചെയ്യുന്നതിന് മുമ്പേ മമ്മൂട്ടി സാറില്‍ നിന്നും അനുഗ്രഹം വാങ്ങാന്‍ ഞാന്‍ പോയിരുന്നു,’ ജി മാര്‍ത്താണ്ഡന്‍ പറയുന്നു.

Content Highlight: G Marthandan Talks About Mammootty