നമ്പ്യാര്‍വട്ടമോ? നന്ത്യാര്‍വട്ടമോ?: പൂവിന്റെ പേരില്‍ പുലിവാല്‍ പിടിച്ച് ജുവല്‍ മേരിയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും
Entertainment
നമ്പ്യാര്‍വട്ടമോ? നന്ത്യാര്‍വട്ടമോ?: പൂവിന്റെ പേരില്‍ പുലിവാല്‍ പിടിച്ച് ജുവല്‍ മേരിയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th June 2021, 3:49 pm

ഒരു പൂവിന്റെ പേര് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ജുവല്‍ മേരി. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ജുവല്‍ മേരി ‘നമ്പ്യാര്‍വട്ടപൂവ്’ എന്ന് പറഞ്ഞിരുന്നു. ഇതാണ് കമന്റ് സെക്ഷനില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

മാധവിക്കുട്ടിയെഴുതിയ വരികളാണ് ജുവല്‍ മേരി ക്യാപ്ഷനായി നല്‍കിയിരുന്നത്. ‘നമ്പ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപെടുന്ന സ്ത്രീ, അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും’ എന്നായിരുന്നു ക്യാപ്ഷന്‍.

ഇതിന് പിന്നാലെ പൂവിന്റെ പേര് നമ്പ്യാര്‍വട്ടമല്ല, നന്ത്യാര്‍വട്ടമാണെന്ന് പറഞ്ഞുകൊണ്ട് ആളുകളെത്തുകയായിരുന്നു. പൂവിന്റെ ശരിയായ പേര് ഉപയോഗിക്കണമെന്നും മാധവിക്കുട്ടിയുടെ വരി പറയുമ്പോള്‍ അവര്‍ എഴുതിയത് തന്നെ വെക്കണമെന്നും കമന്റുകളെത്തി.

ചുരുക്കം ചില സീരിയസ് കമന്റുകളൊഴിച്ചാല്‍ രസകരമായ മറുപടികളായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്നതില്‍ ഭൂരിഭാഗവും. നമ്പ്യാരും നന്ത്യാരുമല്ല,  ഇത് നായര്‍വട്ടമാണെന്നായിരുന്നു ഒരു കമന്റ്.

ഈ കമന്റിന് മറുപടിയായി, ക്രിസ്ത്യന്‍വട്ടം, മുസ്‌ലിംവട്ടം, ചാക്യാര്‍വട്ടം, മാപ്പിളവട്ടം എന്നിങ്ങനെ പല വട്ടങ്ങളുണ്ടെന്ന് പറഞ്ഞ് ആളുകളെത്തി. ഞങ്ങളുടെ നാട്ടില്‍ ഇതിനെ പൂക്കോയ തങ്ങള്‍ എന്നാണ് വിളിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.

ഇതിനിടയില്‍ ഞങ്ങള്‍ നട്ടതുകൊണ്ടാണ് നമ്പ്യാര്‍വട്ടമെന്ന് പേര് വന്നതെന്ന് പേരില്‍ നമ്പ്യാരുള്ള ഒരു പ്രൊഫൈല്‍ കമന്റ് ചെയ്തു. ഇതൊക്കെ കാണുന്ന തിലകന്റെ കഥാപാത്രമായ അനന്തന്‍ നമ്പ്യാരുടെ അവസ്ഥയാലോചിച്ച് പോയെന്നും കമന്റുകളുണ്ടാിയിരുന്നു.

ഒടുവില്‍ ഈ ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും മറുപടിയുമായി ജുവല്‍ മേരി എത്തി. കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ആ പൂവിന് പല നാട്ടില്‍ പല പേരാണ് വിളിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ലെന്ന് ജുവല്‍ മേരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Funny comments on actress and anchor Jewel Mary’s new photo