ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമായാൽ ഇസ്രഈലിന് ഭീഷണി: നെതന്യാഹു
Israeli Attacks On Gaza
ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമായാൽ ഇസ്രഈലിന് ഭീഷണി: നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 12:31 pm

ടെൽ അവീവ്: പൂർണമായും സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രം ഇസ്രഈലിന് ഭീഷണിയെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടയിലായിരുന്നു നെതന്യാഹുവിന്റെ പരാമർശം. പൂർണമായും സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രത്തെ ഉപയോഗിച്ച് ‘തീവ്രവാദ’ ഗ്രൂപ്പുകൾ ഇസ്രഈലിന്റെ സുരക്ഷയെ തകർക്കുമെന്ന് നെതന്യാഹു വാദിച്ചു.

കൂടാതെ ഫലസ്തീനികള്‍ക്ക് ഭരണം നടത്താനുള്ള എല്ലാ അധികാരവും ഉണ്ടായിരിക്കണമെന്ന് താൻ കരുതുന്നുണ്ടെന്നും എന്നാൽ ഇസ്രഈലിനെതിരെ ഒരു ശക്തിയായി ഉയരാൻ സാധ്യതയുള്ളതിനാൽ എല്ലാത്തിനുമുപരിയായുള്ള പരമാധികാരം തങ്ങളുടെ കൈവശമായിരിക്കണമെന്നും നെതന്യാഹു പറഞ്ഞു.

ഫലസ്തീൻ എന്നൊരു സ്വാതന്ത്ര രാഷ്ട്രം സാധ്യമാണോ എന്ന പത്രപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നെതന്യാഹു. ‘ഫലസ്തീനികള്‍ക്ക് സ്വയം ഭരിക്കാനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവർ ഇസ്രഈലിനെ ഭീഷണിപ്പെടുത്താനുള്ള ശക്തിയാകാൻ പാടില്ല. അതായത്, മൊത്തത്തിലുള്ള ഒരു പരമാധികാര ശക്തി എപ്പോഴും ഇസ്രഈലിന്റെ കൈകളിലായിരിക്കും,’ നെതന്യാഹു പറഞ്ഞു.

അതേസമയം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാണോ എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.

2023 ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഗസയുടെ നിയന്ത്രണം ഉപയോഗിച്ചുവെന്ന് നെതന്യാഹു വാദിച്ചു. തുടർന്ന് ഫലസ്തീന് ഒരു സ്വതന്ത്ര രാജ്യമാകാനുള്ള അവസരം നൽകിയാൽ അത് ഇസ്രഈലിന് ഭീഷണിയാകുമെന്നും നെതന്യാഹു അവകാശപ്പെട്ടു. അതിനാൽ ഫലസ്തീനികൾക്ക് മറ്റൊരു രാഷ്ട്രം നൽകാം എന്ന് ഇസ്രഈൽ പറയാൻ സാധ്യതയില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രഈലിനെ നശിപ്പിക്കാനുള്ള ഒരു വേദിയായിരിക്കുമതെന്നും നെതന്യാഹു അവകാശപ്പെട്ടു.

‘ഇസ്രഈലിനെ നശിപ്പിക്കാൻ ആഗ്രഹിക്കാത്ത ഒരു ഫലസ്തീനുമായി ഞങ്ങൾ സമാധാനം സ്ഥാപിക്കും. സുരക്ഷ, പരമാധികാരം ഇവയെല്ലാം എപ്പോഴും ഞങ്ങളുടെ കൈകളിൽ നിലനിൽക്കുന്ന സമാധാനം ആയിരിക്കും സൃഷ്ടിക്കപ്പെടുക. ആളുകൾ പറയും അതൊരു പൂർണമായ രാജ്യമല്ല എന്ന്. അല്ല, അതൊരു സമ്പൂർണ രാജ്യമല്ല. അങ്ങനെയൊരു രാജ്യമാകാൻ ഞങ്ങൾ അനുവദിക്കില്ല,’ നെതന്യാഹു പറഞ്ഞു.

വിവിധ സമാധാന ചർച്ചകളിലൂടെ അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ, കിഴക്കൻ ജറുസലേം എന്നിവിടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടൊരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാൻ ഫലസ്തീനികൾ വളരെക്കാലമായി ശ്രമിക്കുന്നുണ്ട്. എന്നാൽ വെസ്റ്റ് ബാങ്കിൽ കൂടുതൽ കുടിയേറ്റ നിർമാണങ്ങൾ നടത്തിക്കൊണ്ടും നിലവിലെ യുദ്ധത്തിൽ ഗസയിൽ വംശഹത്യ നടത്തിക്കൊണ്ടും ഇസ്രഈൽ ഫലസ്തീന്റെ രാഷ്ട്ര സാധ്യതകൾ ഇല്ലാതാക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്. നിലവിൽ 140ലധികം രാജ്യങ്ങൾ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്.

അതേസമയം 2023 ഓഗസ്റ്റ് ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രഈൽ ആരംഭിച്ച വംശഹത്യ ഇനിയും തുടരുകയാണ്. ഇതുവരെ, ഇസ്രഈൽ ആക്രമണം 56,500ലധികം ഫലസ്തീനികളെ കൊന്നൊടുക്കി. ഫലസ്തീനിലേക്കുള്ള മാനുഷിക സഹായം ഇസ്രഈൽ തടഞ്ഞതോടെ ഫലസ്തീനിൽ രൂക്ഷമായ ക്ഷാമം ബാധിച്ചു. പിന്നാലെ അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ ഇസ്രഈൽ വളരെ ചെറിയ അളവിൽ മാനുഷിക സഹായങ്ങൾ വിതരണം ചെയ്യാൻ തുടങ്ങുകയായിരുന്നു.

 

Content Highlight: Fully independent Palestinian state would pose threat to Israel ; Netanyahu