ചരിത്രം കുറിച്ച് കേരളം; മുഴുവന്‍ വനിതകളുമായി സ്പീക്കര്‍ പാനല്‍
Kerala News
ചരിത്രം കുറിച്ച് കേരളം; മുഴുവന്‍ വനിതകളുമായി സ്പീക്കര്‍ പാനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2022, 10:46 am

തിരുവനന്തപുരം: കേരള നിയമസഭയില്‍ ചരിത്രം കുറിച്ച് വനിതാ എം.എല്‍.എമാര്‍. ചരിത്രത്തില്‍ ആദ്യമായി നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ അംഗങ്ങള്‍ മുഴുവന്‍ വനിതകളായിരിക്കുകയാണ്.

ഭരണപക്ഷ എം.എല്‍.എമാരായ യു. പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്ത് നിന്ന് കെ.കെ. രമയെയുമാണ് പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പീക്കര്‍ ഇല്ലാത്ത സമയങ്ങളില്‍ സഭയെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പാനലിനെ തെരഞ്ഞെടുക്കുന്നത്.

സ്പീക്കര്‍ എ.എന്‍. ഷംസീറാണ് വനിതാ പാനല്‍ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിച്ച ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ഉമ തോമസ് സഭയിലുണ്ടായിരുന്നിട്ടും കെ.കെ. രമയെയാണ് പ്രതിപക്ഷം നിര്‍ദേശിച്ചത് എന്നത് ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം നിയമസഭാ സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. എ.എന്‍. ഷംസീര്‍ സ്പീക്കറായി നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണ് ഇത്. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിസ്ഥാനമേറ്റടുത്തതിന് പിന്നാലെയായിരുന്നു എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കുന്നതടക്കമുള്ള ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കും.

Content Highlight: Full women member Speaker Panel for the first time in Kerala Legislative Assembly