വര്‍ഷങ്ങള്‍ നീണ്ട തലവേദന ഒഴിഞ്ഞെന്ന് കരുതി ജപ്പാന്‍; എന്ത് വന്നാലും അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര സംഘടനകള്‍; അപ്രതീക്ഷിത പിന്തുണ നല്‍കി അമേരിക്ക
World News
വര്‍ഷങ്ങള്‍ നീണ്ട തലവേദന ഒഴിഞ്ഞെന്ന് കരുതി ജപ്പാന്‍; എന്ത് വന്നാലും അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര സംഘടനകള്‍; അപ്രതീക്ഷിത പിന്തുണ നല്‍കി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2021, 11:42 am

ടോക്കിയോ: ഫുക്കുഷിമ ആണവ കേന്ദ്രത്തില്‍ നിന്നുള്ള 10 ലക്ഷം ടണ്‍ മലിനജലം കടലില്‍ ഒഴുക്കി വിടാനുള്ള ജപ്പാന്റെ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകളും ഫുക്കുഷിമ നിവാസികളും അയല്‍രാജ്യങ്ങളും രംഗത്ത്. അതേസമയം ജപ്പാന്റെ നടപടിയെ പിന്തുണച്ചാണ് അമേരിക്ക രംഗത്തെത്തിയത്.

ഫുക്കുഷിമയിലെ ജനങ്ങളെ ജപ്പാന്‍ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തോല്‍പ്പിച്ചിരിക്കുന്നുവെന്ന് ഗ്രീന്‍പീസ് ജപ്പാന്‍ പ്രതികരിച്ചു. ‘റേഡിയോ ആക്ടീവ് മാലിന്യങ്ങളെ കൊണ്ട് പസഫിക് സമുദ്രം മലിനീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ജപ്പാന്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ മലിനജലം സംഭരിച്ചുവെച്ച് വിവിധ പ്രക്രിയകളിലൂടെ റേഡിയേഷന്റെ പ്രത്യാഘാതങ്ങള്‍ കുറച്ചു കൊണ്ടുവരാനുള്ള സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെ അവര്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം തേടിയിരിക്കുകയാണ്,’ ഗ്രീന്‍പീസ് പ്രതിനിധിയായ കസുവേ സുസുകി പറഞ്ഞു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ജപ്പാനില്‍ നിന്നും അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ നിന്നും രണ്ട് ലക്ഷത്തിലേറെ പേര്‍ ഒപ്പ് വെച്ചതായും ഗ്രീന്‍പീസ് അറിയിച്ചു. മലിനജലം ഒഴുക്കി വിടാനുള്ള നീക്കം ഐക്യരാഷ്ട്ര സംഘടനയുമായി സര്‍ക്കാര്‍ ഒപ്പ് വെച്ച (United Nations Convention on the Law of the Sea -UNCLOS) കരാറുകളുടെ ലംഘനമാണെന്നും ഗ്രീന്‍പീസ് കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങളില്‍ ജപ്പാന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും സംഘടന അറിയിച്ചു.

മലിനജലം സംഭരണികളില്‍ സൂക്ഷിക്കുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്‌നം തന്നെയാണെങ്കിലും കടലില്‍ ഒഴുക്കിവിടുന്നത് സ്വീകാര്യമായ നടപടിയല്ലെന്ന് ഐക്യരാഷ്ട്ര സംഘടന മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

നേരത്തെ മുതല്‍ വലിയ പ്രതിസന്ധിയിലായിരുന്ന ഫുക്കുഷിമയിലെ മത്സ്യബന്ധന മേഖല ഈ നടപടിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഫുക്കുഷിമയിലെ മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് മത്സ്യസമ്പത്തിനെ തകര്‍ക്കുമെന്നും അതിനാല്‍ ഈ നടപടിയില്‍ നിന്നും പിന്മാറമാണെന്നും ഇവര്‍ നാളുകളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ജപ്പാന്റെ നടപടിയ്‌ക്കെതിരെ അയല്‍രാജ്യമായ ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ജപ്പാന്റെ നടപടിയെ പിന്തുണച്ചുകൊണ്ടാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ജപ്പാന്‍ മലിനജലം ഇത്രയും വര്‍ഷങ്ങള്‍ സംഭരിച്ചുപോന്നതെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

‘വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനുള്ള എല്ലാ സാധ്യതകളും ജപ്പാന്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. സുതാര്യമായാണ് എല്ലാ തീരുമാനങ്ങളും ജപ്പാന്‍ സ്വീകരിച്ചിട്ടുള്ളതും. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് ജപ്പാന്‍ ഈ മാര്‍ഗം സ്വീകരിച്ചിരിക്കുന്നതെന്ന് തന്നെയാണ് കരുതുന്നത്,’ നെഡ് പ്രൈസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

2011ലുണ്ടായ അതിശക്തമായ സുനാമിയെയും ഭൂകമ്പത്തെയും തുടര്‍ന്ന് ഫുക്കുഷിമ ആണവ കേന്ദ്രം തകര്‍ന്നതിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മലിനജലം ഒഴുക്കിവിടുമെന്ന കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ വെള്ളം
നിലവില്‍ ആണവകേന്ദ്രത്തില്‍ വലിയ ടാങ്കുകളിലായി സംഭരിച്ചു വെച്ചിരിക്കുകയാണ്.

മലിനജലം ഒഴുക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നും മുഴുവന്‍ ജലവും ഒഴുക്കിവിടാന്‍ ദശാബ്ദങ്ങളെടുക്കുമെന്നും ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയെന്നും സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അപകടകാരികളായ ഐസോടോപ്പുകള്‍ നീക്കം ചെയ്യാനായി ഈ വെള്ളത്തെ കൂടുതല്‍ ശുദ്ധീകരണപ്രക്രിയകള്‍ക്ക് വിധേയമാക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് വീണ്ടും സാന്ദ്രത കുറയ്ക്കുമെന്നും അതിനുശേഷമായിരിക്കും ഒഴുക്കിവിടുകയെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

ടോക്കിയോ ഒളിംപ്ക്‌സിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജപ്പാന്റെ ഈ തീരുമാനം വന്നിരിക്കുന്നത്. ഫുക്കുഷിമ ആണവ കേന്ദ്രത്തില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലടക്കം മത്സരങ്ങള്‍ നടക്കുന്നുണ്ട്.

ടോക്കിയോ ഇലക്ട്രിക് പവറിന്റെ കീഴിലുള്ള ഫുക്കുഷിമ ദായിച്ചി പ്ലാന്റിലെ മലിനജലം ഒഴുക്കിവിടുന്നത് വര്‍ഷങ്ങളായി ജപ്പാന് കീറാമുട്ടിയായ പ്രശ്‌നമായിരുന്നു. ഇത് ഒഴുക്കി വിടുന്നത് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനമായതാണ് ജപ്പാന് തലവേദനയായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Fukushima Nuclear plant contaminated water dumping in Sea in Japan, Greenpeace and UN opposes, USA supports