ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്‍ ആവേശത്തിലേക്ക് കടക്കുകയാണ്. ടൂര്‍ണമെന്റിന്റെ 19ാം എഡിഷന് തിരശീലയുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റ് ടീമുകള്‍ കളത്തിലിറങ്ങും. പിന്നീട് രണ്ട് മാസക്കാലം ആരാധകരില്‍ വീറും വാശിയും നിറക്കുന്ന ക്രിക്കറ്റിന്റെ വെടിക്കെട്ട് പൂരത്തിന്റെ നാളുകളായിരിക്കും. കിരീടമെന്ന ലക്ഷ്യത്തിനായി ഓരോ ടീമും പരിശ്രമിക്കുമ്പോള്‍ അത് എന്നും ഓര്‍ത്തുവെക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പ്.
പുതിയ സീസണിന് തുടക്കമാവുമ്പോള്‍ ശ്രദ്ധാകേന്ദ്രം മലയാളി താരം സഞ്ജു സാംസണ്‍ തന്നെയായിരിക്കും. ഏറെ കാലം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച് ടീമിന്റെ ലെജന്‍ഡ് പദവി സ്വന്തമാക്കിയെത്തുന്ന വിക്കറ്റ് കീപ്പര്‍ ചെന്നൈയില്‍ തിളങ്ങുമോയെന്ന ആകാംഷയാണ് ഏവരിലുമുള്ളത്.
സഞ്ജു സാംസൺ. Photo: Johns/x.com
ടി – 20 ലോകകപ്പില്‍ നടത്തിയ ഉഗ്രന്‍ പ്രകടനവും സഞ്ജുവിനെ ഈ സീസണിലെ ശ്രദ്ധകേന്ദ്രമാക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. ലോകകപ്പിലെ വെടിക്കെട്ട് ചെന്നൈ കുപ്പായത്തിലും ചേട്ടന്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇതിനൊപ്പം സഞ്ജു ചെന്നൈയ്ക്കൊപ്പം കപ്പടിക്കുമോയെന്ന ആകാംഷയുമുണ്ട്. അതിനൊരു കാരണമുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച് ചെന്നൈയിലേക്ക് ചേക്കേറിയവരെല്ലാം മഞ്ഞ കുപ്പായത്തില്‍ കപ്പടിച്ചിട്ടുണ്ട് എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഇപ്പോള്‍ ആര്‍.ആറിലേക്ക് കൂടുമാറിയ രവീന്ദ്ര ജഡേജ മുതല്‍ ഐ.പി.എല്‍ ഇതിഹാസമായ ഷെയ്ന്‍ വാട്‌സണ്‍ വരെ ഈ ലിസ്റ്റിലുണ്ട്. രാജസ്ഥാനിലൂടെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയ ജഡേജ 2013ലാണ് സി. എസ്. കെയിലെത്തിയത്. അന്ന് തൊട്ട് ടീമിനായി കളിച്ച് ഫ്രാഞ്ചൈസിയുടെ നിര്‍ണായക താരമായി.
ജഡേജ ചെന്നൈക്കൊപ്പം മൂന്ന് കിരീടങ്ങളില്‍ പങ്കാളിയായി. 2018ലായിരുന്നു ആദ്യ കിരീടനേട്ടം. പിന്നീട് 2021ലും 2023ലും ഓള്‍ റൗണ്ടര്‍ ഈ നേട്ടം ആവര്‍ത്തിച്ചു.
എം.എസ്. ധോണിക്കൊപ്പം ഐ.പി.എൽ ട്രോഫിയുമായി ഷെയ്ൻ വാട്സൺ. Photo: Shane Watson/facebook.com
രാജസ്ഥാനില്‍ ഏഴ് സീസണില്‍ കളിച്ച വാട്‌സണ്‍ 2018ലായിരുന്നു സി.എസ്.കെയിലെത്തിയത്. രണ്ട് സീസണ്‍ ബെംഗളൂരുവിനൊപ്പം കളിച്ചതിന് ശേഷമായിരുന്നു ഇത്. ചെന്നൈയിലെത്തിയ ആദ്യ സീസണില്‍ തന്നെ ഓസീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞു. അതോടെ രാജസ്ഥാന് പുറമെ ചെന്നൈക്കൊപ്പവും കപ്പ് നേടാന്‍ താരത്തിന് സാധിച്ചു.
ആര്‍. ആറില്‍ നിന്ന് ചേക്കേറി ചെന്നൈയിലെത്തിയ കപ്പുയര്‍ത്തിയ മറ്റ് രണ്ടുപേര്‍ റോബിന്‍ ഉത്തപ്പയും ശിവം ദുബെയുമാണ്. മുംബൈയുടെ ഐ.പി.എല്‍ അരങ്ങേറ്റം നടത്തിയ ഉത്തപ്പ 2020 സീസണിലായിരുന്നു രാജസ്ഥാന് വേണ്ടി കളിച്ചത്. പിന്നാലെ അടുത്ത സീസണില്‍ താരം ചെന്നൈയിലുമെത്തി. അവിടെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി.
റോബിൻ ഉത്തപ്പയും ശിവം ദുബെയും.
ശിവം ദുബെ 2022ലാണ് ചെന്നൈയിലെത്തിയത്. തൊട്ട് മുമ്പത്തെ സീസണില്‍ ആര്‍.ആറിനായി ഇറങ്ങിയതിന് ശേഷമായിരുന്നു ഈ കൂടുമാറ്റം. ടീമിലെത്തിയ രണ്ടാം സീസണില്‍ തന്നെ ദുബെ ഐ.പി.എല്ലില്‍ ട്രോഫി സ്വന്തമാക്കി. 2023ലായിരുന്നു ദുബെയുടെ കന്നി ഐ.പി.എല്‍ കിരീടനേട്ടം.
ഈ വര്‍ഷം ചെന്നൈയിലെത്തിയ സഞ്ജു 11 സീസണാണ് രാജസ്ഥാനില്‍ കളിച്ചത്. ഇപ്പോള്‍ മലയാളി വിക്കറ്റ് കീപ്പറും ആര്‍. ആറില്‍ നിന്ന് ചെന്നൈയിലെത്തി കപ്പടിക്കുന്ന ട്രെന്‍ഡ് തുടരുമോയെന്ന എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: From Shane Watson to Ravindra Jadeja have won IPL trophy after reached CSK from RR; is it Sanju Samson’s turn next?