കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മുകുള്‍ റോയിയെ നിയമസഭയില്‍ നിന്നും അയോഗ്യനാക്കി കൊല്‍ക്കത്ത ഹൈക്കോടതി.
ബി.ജെ.പി ടിക്കറ്റില്‍ നിന്നും വിജയിച്ച മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴില്‍ വരുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
2021 ജൂണ്‍ 11ന് മുകുള്‍ റോയ് ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അന്നേ ദിവസം മുതല്‍ നിയമസഭയില്‍ നിന്നും അദ്ദേഹം അയോഗ്യനായെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചു.
ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്, എം.ഡി ഷബ്ബാര്‍ റാഷിദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പശ്ചിമ ബംഗാള്‍ നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായി മുകുള്‍ റോയിയെ നാമനിര്‍ദേശം ചെയ്ത നടപടിയും കോടതി റദ്ദാക്കി.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് നടപടി. ബി.ജെ.പിയാണ് മുകുള്‍ റോയിക്കെതിരെ കോടതിയെ സമീപിച്ചത്.
കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് മുകുള്‍ റോയ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നത്. പിന്നീട് 2021 ജൂണില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി.
പിന്നാലെ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ സുവേന്ദു അധികാരിയും ബി.ജെ.പി എം.എല്‍.എ അംബിക റോയിയും അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹരജി 2022ല്‍ നിയമസഭാ സ്പീക്കര്‍ തള്ളിക്കളഞ്ഞു.
കൂറുമാറ്റം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. തുടര്‍ന്നാണ് അംബിക റോയി ഹൈക്കോടതിയെ സമീപിച്ചത്.