പാരീസ്: ഇസ്രഈല്‍ അധിനിവേശത്തിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ ലോകരാജ്യങ്ങള്‍. ഫ്രാന്‍സ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് പ്രസ്താവനയിറക്കി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫലസ്തീനെ അംഗീകരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള ഉന്നതകാര്യ ഉച്ചകോടിയിലാണ് മാക്രോണ്‍ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയ്‌ക്കൊപ്പം ചേര്‍ന്നാണ് ഫ്രാന്‍സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്.
അതേസമയം, മാക്രോണ്‍ ഫലസ്തീനെ അംഗീകരിച്ചുള്ള പ്രസ്താവനയിറക്കുന്നതിന് മുന്നോടിയായി ഫ്രാന്‍സിലെ ടൗണ്‍ ഹാളുകള്‍ക്ക് മുന്നില്‍ ഫലസ്തീന്റെ പതാകകള്‍ ഉയര്‍ന്നിരുന്നു.
ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ടൗണ്‍ഹാളുകള്‍ക്ക് മുന്നില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയത്. ഫ്രാന്‍സിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ടൗണ്‍ ഹാളുകളുടെ കവാടത്തിന് മുന്നിലാണ് ഫലസ്തീന്‍ പതാകകള്‍ ഉയര്‍ന്നത്.
വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആഭ്യന്തരമന്ത്രി ബ്രൂണോ റീട്ടെയില്‍ ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തുന്നത് തടഞ്ഞുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ ഈ സര്‍ക്കുലറിനെ അവഗണിച്ചാണ് രാജ്യത്തെ 21ഓളം ടൗണ്‍ ഹാളുകള്‍ ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയത്.
ഫലസ്തീനെ അംഗീകരിച്ചുള്ള ചരിത്രപരമായ തീരുമാനത്തെ ഫലസ്തീന്‍ പതാക ഉയര്‍ത്തി പിന്തുണയ്ക്കുന്നുവെന്ന് ഫലസ്തീനിലെ പ്രമുഖനഗരമായ നാന്റസിലെ മേയറും സോഷ്യലിസ്റ്റ് പാര്‍ട്ടിയായ പി.എസിന്റെ നേതാവുമായ ജോഹന്ന റോളണ്ട് പറഞ്ഞു.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനോട് ചേര്‍ന്ന പ്രദേശമായ സെയ്ന്‍ സെന്റ് ഡെനിസിലെ ഒരു പരിപാടിയിലും ചടങ്ങില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. പി.എസ് നേതാവ് ഒലിവിയര്‍ ഫൗറിന്റെ നേതൃത്വത്തിലായിരുന്നു പതാകയുയര്‍ത്തിയത്. ആഭ്യന്തരമന്ത്രിയുടെ സര്‍ക്കുലറിനെ വിമര്‍ശിച്ച അദ്ദേഹം, സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ടെന്നും അറിയിച്ചിരുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിനുള്ള ഐക്യദാര്‍ഢ്യമെന്നാണ് അദ്ദേഹം ഫലസ്തീന്‍ പതാക ഉയര്‍ത്തിയതിന് ശേഷം പ്രതികരിച്ചത്. ആകെ 21 ടൗണ്‍ ഹാളുകളില്‍ പതാക പ്രദര്‍ശിപ്പിച്ചെന്നാണ് ഔദ്യോഗികമായ കണക്ക്.
അതേസമയം, ഐക്യരാഷ്ട്രസഭയില്‍ ഫ്രാന്‍സിനൊപ്പം അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബെര്‍ഗ്, മാള്‍ട്ട, മൊണാക്കോ തുടങ്ങിയ ആറ് രാജ്യങ്ങള്‍ കൂടിയാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. കഴിഞ്ഞദിവസം, ഓസ്‌ട്രേലിയ, യു.കെ, കാനഡ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു.
Content Highlight: French left rejects far-right’s opposition; 21 French town halls raise Palestinian flag