യു.എൻ പൊതുസഭയിൽ ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും: മാക്രോൺ
Trending
യു.എൻ പൊതുസഭയിൽ ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും: മാക്രോൺ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2025, 7:34 am

പാരീസ്: സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്നലെ (വ്യാഴാഴ്ച) തന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ ശക്തിയാകാനുള്ള ഫ്രാൻസിന്റെ താത്പര്യം സ്ഥിരീകരിച്ചുകൊണ്ട്, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച കത്തും മാക്രോൺ പ്രസിദ്ധീകരിച്ചു.

‘ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഞാൻ ഈ പ്രഖ്യാപനം നടത്തും. ഇപ്പോൾ നമ്മൾ അടിയന്തരമായി മുൻഗണന നൽകേണ്ടത് ഗസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയും ചെയ്യുക എന്നതാണ്.

നമ്മൾ ഒടുവിൽ ഫലസ്തീൻ രാഷ്ട്രം കെട്ടിപ്പടുക്കുകയും അതിന്റെ നിലനിൽപ്പ് ഉറപ്പാക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും വേണം. നമ്മൾ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണം, എല്ലാ ബന്ദികളെ മോചിപ്പിക്കണം, ഗസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകണം. മിഡിൽ ഈസ്റ്റിലെ എല്ലാവരുടെയും സുരക്ഷയും സമാധാനവും ഉറപ്പാക്കണം,’ അദ്ദേഹം കുറിച്ചു.

ജൂണിൽ സൗദി അറേബ്യക്കൊപ്പം ഐക്യരാഷ്ട്രസഭയിൽ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കാൻ മാക്രോൺ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രഈൽ ആക്രമണം ആരംഭിച്ചതോടെ അമേരിക്കൻ സമ്മർദത്തെ തുടർന്ന് സമ്മേളനം മാറ്റിവെച്ചുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

12 ദിവസത്തെ ഇസ്രഈൽ-ഇറാൻ വ്യോമയുദ്ധം ആരംഭിച്ചതോടെ പ്രാദേശിക വ്യോമാതിർത്തി അടച്ചിട്ടു. അതോടെ ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികൾക്ക് പങ്കെടുക്കുന്നത് ബുദ്ധിമുട്ടായി. ഇനി ജൂലൈ 28, 29 തീയതികളിൽ ന്യൂയോർക്കിലെ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭ മന്ത്രിതല യോഗം നടക്കും. പിന്നാലെ സെപ്റ്റംബറിൽ യു.എൻ പൊതുസഭയോടൊപ്പം രാഷ്ട്രത്തലവന്മാരും സർക്കാരും പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി നടക്കും. ഈ പരിപാടിയിലാണ് ഫലസ്തീനെ അംഗീകരിക്കുന്ന പ്രഖ്യാപനം മാക്രോൺ നടത്തുക.

അതേസമയം ഫലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ നീക്കത്തെ ഇസ്രഈൽ ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ യാരിവ് ലെവിൻ അപലപിച്ചു. ഇത് ഫ്രഞ്ച് ചരിത്രത്തിലെ ഒരു കറുത്ത ഏടും തീവ്രവാദത്തിന് നേരിട്ടുള്ള സഹായവുമാണെന്ന് യാരിവ് പറഞ്ഞു.

‘ഫ്രാൻസിന്റെ ലജ്ജാകരമായ തീരുമാനം അർത്ഥമാക്കുന്നത് വെസ്റ്റ് ബാങ്കിൽ ഇസ്രഈലിന്റെ പരമാധികാരം കാണിക്കാനുള്ള സമയമായി എന്നാണ്,’ യാരിവ് ലെവിൻ പറഞ്ഞു. 1967 മുതൽ ഇസ്രഈൽ വെസ്റ്റ് ബാങ്ക് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ഫലസ്തീൻ രാഷ്ട്രം ഇസ്രഈലിനെ അംഗീകരിക്കുകയും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്യണമെന്ന് മാക്രോൺ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സുരക്ഷക്കും സമാധാനത്തിനും മറ്റൊരു ബദലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: France to recognise Palestinian state at UN general assembly, Macron says