ചരിത്രാധ്യാപകന്റെ കഴുത്തറുത്ത സംഭവം; ഫ്രാന്‍സില്‍ നിന്നും 231 വിദേശികളെ പുറത്താക്കും, കുടിയേറ്റ നയം കടുപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്
World News
ചരിത്രാധ്യാപകന്റെ കഴുത്തറുത്ത സംഭവം; ഫ്രാന്‍സില്‍ നിന്നും 231 വിദേശികളെ പുറത്താക്കും, കുടിയേറ്റ നയം കടുപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th October 2020, 5:56 pm

പാരിസ്: പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ഫ്രാന്‍സില്‍ പുതിയ നീക്കങ്ങള്‍. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട്.

ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.എന്നാല്‍ ഇദ്ദേഹം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫ്രാന്‍സില്‍ അഭയാര്‍ത്ഥി പദവി നേടാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും യൂറോപ്പ് 1 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്താക്കുന്നതില്‍ 180 പേര്‍ നിലവില്‍ ജയിലിലുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ സര്‍ക്കാരിനു മേല്‍ കുടിയേറ്റ നയത്തില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ക്യാബിനറ്റ് മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വന്‍ പ്രതിഷേധമാണ് പാരീസില്‍ നടന്നത്. സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: France to expel 231 suspected extremists after attack on teacher