പാരീസ്: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രഞ്ച് സൈന്യം വെട്ടിയെടുത്ത ടോറ രാജാവിന്റെ തലയുടെ അവശിഷ്ടങ്ങള്‍ മഡഗാസ്‌കറിന് കൈമാറി ഫ്രാന്‍സ്. പാരീസിലെ സാംസ്‌കാരിക മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് തലയോട്ടി കൈമാറിയത്. 2023ല്‍ പാസാക്കിയ മനുഷ്യാവശിഷ്ടങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നിയമമനുസരിച്ചാണ് ഫ്രാന്‍സിന്റെ തീരുമാനം.
1897ലാണ് ഫ്രഞ്ച് സൈന്യം ടോറ രാജാവിന്റെ തലവെട്ടിയെടുത്തത്. പിന്നീട് ഇത് സൈന്യം കൈവരിച്ച വിജയത്തിന്റെ പ്രതീകമായി ഫ്രാന്‍സിലേക്ക് കൊണ്ടുപോകുകയും പാരീസിലെ മ്യൂസിയത്തില്‍ സ്ഥാപിക്കുകയും ചെയ്തു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്രാന്‍സ് മൂന്ന് തലയോട്ടികള്‍ മഡഗാസ്‌കറിന് കൈമാറിയതായാണ് വിവരം. ഇതില്‍ ഒന്ന് മലഗാസി രാജാവിന്റേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തലയോട്ടികള്‍ കൈമാറിയതിന് പിന്നാലെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റച്ചിദ ദാതി കൊളോണിയല്‍ കാലത്തെ ചെയ്തികളെ കുറിച്ച് സംസാരിച്ചു. മനുഷ്യന്റെ അന്തസിന് ഒരു വിലയും നല്‍കാത്ത കൊളോണിയല്‍ പശ്ചാത്തലത്തിലാണ് ഈ തലയോട്ടികള്‍ പാരീസിലെ ചരിത്ര മ്യൂസിയത്തില്‍ എത്തിയതെന്ന് റച്ചിദ ദാതി പറഞ്ഞു.
കൈമാറിയ തലയോട്ടി സകലവ ജനതയുടേതാണെന്ന് സംയുക്ത ശാസ്ത്ര സമിതി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റച്ചിദ ദാതി അറിയിച്ചു. എന്നാല്‍ ടോറ രാജാവിന്റേതാണെന്ന് അനുമാനിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും ദാതി പറഞ്ഞു.
തലയോട്ടികളുടെ കൈമാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ യുഗമാണ് അടയാളപ്പെടുത്തുന്നതെന്ന് മഡഗാസ്‌കര്‍ വിദേശകാര്യമന്ത്രി വോളാമിറന്റി ഡോണ മാര പറഞ്ഞു.
സമീപ വര്‍ഷങ്ങളിലായി കൊളോണിയല്‍ കാലഘട്ടത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെ ചില തുറന്നുപറച്ചിലുകള്‍ക്ക് തയ്യാറായിരുന്നു. ഫ്രഞ്ച് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സമ്മതിക്കാനും ക്ഷമ ചോദിക്കാനും അവസരം കണ്ടെത്തുകയായിരുന്നു.
ഇതിന്റെ ഭാഗമായി നാസികള്‍ കൊള്ളയടിച്ച കലാസൃഷ്ടികള്‍ തിരികെ നല്‍കാന്‍ ഫ്രാന്‍സ് ഒരു പ്രത്യേക നിയമം പാസാക്കിയിരുന്നു. കൂടാതെ കൊളോണിയല്‍ കാലഘട്ടത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കുന്നതിനായി നിയമം കൊണ്ടുവരാനും ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.
Content Highlight: France returns skull of beheaded king to Madagascar